നാല് പ്രായ ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരം. അഞ്ച് മുതല്‍ എട്ട് വയസ്സ് വരെ, എട്ട് മുതല്‍ പതിനൊന്ന് വയസ്സ് വരെ, പതിനൊന്ന് മുതല്‍ പതിനാല് വയസ്സ് വരെ, പതിനാല് മുതല്‍ പതിനെട്ട് വയസ്സ് വരെ എന്നിങ്ങനെയാണ് ഗ്രൂപ്പാക്കി തിരിച്ചിരിക്കുന്നത്. 

മനാമ: ഇന്ത്യന്‍ കമ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി.ആര്‍.എഫ്) ഇന്ത്യന്‍ എംബസിയുടെ രക്ഷാകര്‍തൃത്വത്തില്‍ സംഘടിപ്പിക്കുന്ന ചിത്ര രചനാ മത്സരം 'സ്‌പെക്ട്ര 2021' ഡിസംബര്‍ 10,11,12 തീയതികളില്‍ നടക്കും. ബഹ്‌റൈനിലെ മത്സരത്തിന് പുറമെ ലോകത്തിലെ വിവിധ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാനാവുന്ന അന്താരാഷ്ട്ര മത്സരം കൂടി ഇത്തവണ സംഘടിപ്പിക്കുന്നുണ്ടെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 

കൊവിഡിനെ തുടര്‍ന്ന് ഇത്തവണയും ഓണ്‍ലൈനായാണ് മത്സരം. കലാ പ്രോത്സാഹനവും സാമൂഹിക സേവനവുമാണ് പരിപാടിയുടെ ലക്ഷ്യമെന്ന് സംഘാടകര്‍ പറഞ്ഞു. ബഹ്റൈനിലെ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ഏറ്റവും വലിയ കലാ മത്സരമാണ് സ്‌പെക്ട്ര. ബഹ്‌റൈനിലെ വിവിധ സ്‌കൂളുകളില്‍ സംഘടിപ്പിക്കുന്ന പ്രാഥമിക റൗണ്ടില്‍ തെരഞ്ഞെടുക്കപ്പെട്ടവരാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. 22 സ്‌കൂളുകളില്‍നിന്നുള്ള 300 ലധികം വിദ്യാര്‍ത്ഥികള്‍ മത്സരത്തില്‍ മാറ്റുരക്കും. 

നാല് പ്രായ ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരം. അഞ്ച് മുതല്‍ എട്ട് വയസ്സ് വരെ, എട്ട് മുതല്‍ പതിനൊന്ന് വയസ്സ് വരെ, പതിനൊന്ന് മുതല്‍ പതിനാല് വയസ്സ് വരെ, പതിനാല് മുതല്‍ പതിനെട്ട് വയസ്സ് വരെ എന്നിങ്ങനെയാണ് ഗ്രൂപ്പാക്കി തിരിച്ചിരിക്കുന്നത്. സ്‌കൂളുകള്‍ വഴി മാത്രമേ പങ്കാളിത്തം അനുവദിക്കൂ. ബഹ്റൈനില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ഡ്രോയിംഗ് പേപ്പറും മെറ്റീരിയലുകളും നല്‍കും. ഓരോ വിഭാഗത്തിലെയും ആദ്യ മൂന്ന് വിജയികള്‍ക്ക് വ്യക്തിഗത ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും ലഭിക്കും. കൂടാതെ എല്ലാ പങ്കാളികള്‍ക്കും പങ്കാളിത്ത സര്‍ട്ടിഫിക്കറ്റ് ലഭിക്കും. 

വിജയികളായ കുട്ടികളുടെ രചനകള്‍ കലണ്ടറുകളിലും ഡെസ്‌ക്-ടോപ്പ് കലണ്ടറുകളിലും ഉള്‍പ്പെടുത്തും. ഈ കലണ്ടറുകള്‍ 2022 ജനുവരി ആദ്യവാരം പ്രകാശനം ചെയ്യും. ബഹ്‌റൈന്‍ ദേശീയ മത്സരവും അന്താരാഷ്ട്ര മത്സരവും വെവ്വേറെ നടത്തിയാണ് വിജയികളെ പ്രഖ്യാപിക്കുക.
 മത്സരത്തില്‍ നിന്നുള്ള വരുമാനം ബഹ്‌റൈനില്‍ മരണമടയുന്ന താഴ്ന്ന വരുമാനക്കാരായ ഇന്ത്യന്‍ തൊഴിലാളികളുടെ കുടുംബങ്ങളെ സഹായിക്കുന്നതിനായി ഉപയോഗിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. 

മത്സരം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് അനീഷ് ശ്രീധരന്‍ 39401394, നിഥിന്‍ 39612819 എന്നിവരെ ബന്ധപ്പെടണം. ഐ.സി.ആര്‍.എഫ് ചെയര്‍മാന്‍ ഡോ.ബാബു രാമചന്ദ്രന്‍, ജനറല്‍ സെക്രട്ടറി പങ്കജ് നല്ലൂര്‍, വൈസ് ചെയര്‍മാന്‍ അഡ്വ. വി.കെ തോമസ്, ഉപദേഷ്ടാവ് അരുള്‍ദാസ് തോമസ്, ഭഗവാന്‍ അസര്‍പോട്ട, സ്‌പെക്ട്ര കണ്‍വീനര്‍ അനീഷ് ശ്രീധരന്‍, ട്രഷറര്‍ മണി ലക്ഷ്മണ മൂര്‍ത്തി, ഫേബര്‍ കാസ്റ്റല്‍ കണ്‍ട്രി ഹെഡ് സഞ്ജയ് ഭാന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.