ഫുജൈറ: യുഎഇയിലെ പ്രധാന റോഡില്‍ വേഗപരിധി കുറച്ചുകൊണ്ട് ഞായറാഴ്ച രാത്രി പൊലീസ് അറിയിപ്പ് പുറത്തിറക്കി. ശൈഖ് മക്തൂം ബിന്‍ റഷിദ് റോഡിലാണ് പുതിയ വേഗപരിധി നിശ്ചയിച്ചിരിക്കുന്നത്. യബ്സ ബൈപ്പാസ് റൗണ്ട് എബൗട്ട് മുതല്‍ തൗബാന്‍ ഏരിയയുടെ അവസാനം വരെ 120 കിലോമീറ്ററായിരിക്കും ഇനി പരമാവധി വേഗത. നേരത്തെ ഇവിടെ 140 കിലോമീറ്റര്‍ വരെ വേഗതയില്‍ വാഹനമോടിക്കാമായിരുന്നു.

പുതിയ വേഗപരിധി ജൂലൈ ഒന്നിന് പ്രാബല്യത്തില്‍വരും. ഇപ്പോഴുള്ളത് പോലെ 20 കിലോമീറ്റര്‍ ബഫര്‍ സ്‍പീഡ് തുടര്‍ന്നുമുണ്ടാകും. 141 കിലോമീറ്റര്‍ മുതല്‍ റഡാറുകളില്‍ ഫൈന്‍ രേഖപ്പെടുത്തും. നേരത്തെ ഇത് 161 കിലോമീറ്ററായിരുന്നു. സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ശൈഖ് മക്തൂം ബിന്‍ റാഷിദ് റോഡില്‍ റഡാറുകള്‍ സജ്ജീകരിച്ചിട്ടുണ്ടെന്നും മൊബൈല്‍ സ്‍പീഡ് ക്യാമറകള്‍ കൂടി ഇവിടെ വിന്യസിക്കുമെന്നും പൊലീസ് പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.