Asianet News MalayalamAsianet News Malayalam

കാലാവസ്ഥാ മാറ്റത്തിനൊപ്പം ഗള്‍ഫില്‍ പനി പടരുന്നു; മുന്നറിയിപ്പുമായി സ്കൂളുകള്‍

യുഎഇയിലെ വിവിധ സ്കൂളുകളില്‍ നിരവധി വിദ്യര്‍ത്ഥികള്‍ക്ക് വൈറല്‍ പനി ബാധിച്ചതായാണ് റിപ്പോര്‍ട്ട്. അവധി കഴിഞ്ഞ് കുട്ടികള്‍ തിരിച്ചെത്തിയതോടെ വൈറല്‍ പനി പടരുന്നതായി സംശയമുണ്ടെന്ന് ഇന്റര്‍നാഷണല്‍ സ്കൂള്‍ ഓഫ് ക്രിയേറ്റീവ് സയന്‍സ്, രക്ഷിതാക്കള്‍ക്ക് അയച്ച സന്ദേശത്തില്‍ പറയുന്നു. 

spike in flu cases in UAE as climate changes
Author
Dubai - United Arab Emirates, First Published Apr 17, 2019, 12:32 PM IST

ദുബായ്: കാലാവസ്ഥാ മാറ്റത്തിനൊപ്പം യുഎഇയില്‍ പനി പടരുന്നു. അവധിക്ക് ശേഷം സ്കൂളുകള്‍ കൂടി തുറന്നതോടെ കുട്ടികളുടെ കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് കാണിച്ച് വിവിധ സ്കൂളുകള്‍ രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പ് സന്ദേശങ്ങള്‍ നല്‍കി. രോഗങ്ങള്‍ പിടിപെടാതിരിക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ഡോക്ടര്‍മാരും നിര്‍ദ്ദേശിക്കുന്നു.

യുഎഇയിലെ വിവിധ സ്കൂളുകളില്‍ നിരവധി വിദ്യര്‍ത്ഥികള്‍ക്ക് വൈറല്‍ പനി ബാധിച്ചതായാണ് റിപ്പോര്‍ട്ട്. അവധി കഴിഞ്ഞ് കുട്ടികള്‍ തിരിച്ചെത്തിയതോടെ വൈറല്‍ പനി പടരുന്നതായി സംശയമുണ്ടെന്ന് ഇന്റര്‍നാഷണല്‍ സ്കൂള്‍ ഓഫ് ക്രിയേറ്റീവ് സയന്‍സ്, രക്ഷിതാക്കള്‍ക്ക് അയച്ച സന്ദേശത്തില്‍ പറയുന്നു. പനി, ചുമ, തൊണ്ട വേദന, സന്ധിവേദന, ഛര്‍ദി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങളുണ്ടെങ്കില്‍ കുട്ടികളെ സ്കൂളിലേക്ക് അയക്കരുതെന്നും മതിയായ ചികിത്സ ലഭ്യമാക്കണമെന്നുമാണ് അറിയിച്ചിരിക്കുന്നത്. വൈറല്‍ പനിയുമായെത്തുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ടെന്ന് ഡോക്ടര്‍മാരും പറയുന്നു. കാലാവസ്ഥാ മാറുമ്പോഴുള്ള അന്തരീക്ഷസ്ഥിതിയില്‍ വൈറുകള്‍ വേഗത്തില്‍ വ്യാപിക്കുന്നതാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. വാക്സിനുകള്‍ അന്വേഷിച്ച് എത്തുന്ന മാതാപിതാക്കളുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

ഇന്‍ഫ്ലുവന്‍സ വൈറസ്
സാധാരണ ഗതിയില്‍ കടുത്ത പനി, ശരീരം വേദന, തലവേദന, മൂക്കൊലിപ്പ്, തൊണ്ട വേദന, ചുമ, തുമ്മല്‍, ക്ഷീണം തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. ചുമ രണ്ടാഴ്ചയോ അതിലധികമോ നീണ്ടുനിന്നേക്കും. മുതിര്‍ന്നവരെ അപേക്ഷിച്ച് കുട്ടികള്‍ക്ക് രോഗ ലക്ഷണങ്ങള്‍ കൂടുതല്‍ ദിവസങ്ങള്‍ നീണ്ടുനില്‍ക്കും. ഛര്‍ദിയും വയറിളക്കവും ഉണ്ടാകാനും സാധ്യതയുണ്ട്. സാധാരണ ഗതിയില്‍ ഇവ വലിയ പ്രശ്നങ്ങളുണ്ടാകാതെ ഭേദമാകുന്നവയാണ്. എന്നാല്‍ അപൂര്‍വമായെങ്കിലും ന്യൂമോണിയ, സെക്കന്ററി ബാക്ടീരിയല്‍ ന്യുമോണിയ, സൈനസ് അണുബാധ, ആസ്തമ പോലുള്ള നേരത്തയുള്ള രോഗാവസ്ഥകള്‍ രൂക്ഷമാകല്‍, ഹൃദയ സ്തംഭനം എന്നിവയിലേക്കൊക്കെ നയിക്കാനും സാധ്യതയുണ്ട്.

കൈകള്‍ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. ചുമ, തുമ്മല്‍ എന്നിവയ്ക്ക് ശേഷവും ഭക്ഷണം കഴിക്കുന്നതിന് മുന്‍പും ശേഷവും ബാത്ത്റൂം ഉപയോഗിച്ചതിന് ശേഷവും കുട്ടികളാണെങ്കില്‍ കളികള്‍ക്ക് ശേഷവുമെല്ലാം കൈകള്‍ വൃത്തിയായി സോപ്പ് ഉപയോഗിച്ച് കഴുകണം. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാലയോ ടിഷ്യൂ പേപ്പറോ ഉപയോഗിക്കാം.  മാസ്കുകള്‍ അണുബാധയെ പ്രതിരോധിക്കാനായി ഉപയോഗിക്കാം. രോഗികളെ സ്പര്‍ശിക്കുന്നതും ആവശ്യമില്ലാതെ സന്ദര്‍ശിക്കുന്നതും ഒഴിവാക്കണം. രോഗം ബാധിച്ചിട്ടുണ്ടെങ്കില്‍ വിശ്രമം അനിവാര്യമാണ്. രോഗ ലക്ഷണങ്ങള്‍ പ്രകടമാവുകയാണെങ്കില്‍ വൈകാതെ ഡോക്ടറുടെ സഹായം തേടണം. 

Follow Us:
Download App:
  • android
  • ios