Asianet News MalayalamAsianet News Malayalam

സൗദി അറേബ്യയില്‍ സ്‍പോണ്‍സറെ കൊലപ്പെടുത്തിയ ഹൗസ് ഡ്രൈവര്‍ അറസ്റ്റില്‍

പൊലീസെത്തി വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

sponsor murdered by his house driver in saudi arabia
Author
Riyadh Saudi Arabia, First Published Jul 6, 2021, 9:44 PM IST

റിയാദ്: സൗദി അറേബ്യയില്‍ തൊഴിലുടമയെ കൊലപ്പെടുത്തിയ ഹൗസ് ഡ്രൈവറെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്‍തു. കൊലപാതകം നടത്തിയ ശേഷം തെളിവ് നശിപ്പിക്കുന്നതിനായി മൃതദേഹം വാട്ടര്‍ ടാങ്കില്‍ ഒളിപ്പിക്കുകയും ചെയ്‍തു. വീട്ടില്‍ മറ്റാരും ഇല്ലാതിരുന്ന സമയത്താണ് സംഭവം നടന്നത്.

ഭാര്യയും മക്കളും വീട്ടിലെത്തിയ ശേഷം അന്വേഷിച്ചപ്പോഴാണ് സൗദി പൗരനെ കാണാനില്ലെന്ന് മനസിലായത്. മൊബൈല്‍ ഫോണില്‍ വിളിച്ച് നോക്കിയിട്ടും പ്രതികരണമില്ലാതെ വന്നപ്പോള്‍ പൊലീസില്‍ വിവരമറിയിച്ചു. പൊലീസെത്തി വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

പുറത്തുപോയിരിക്കുകയായിരുന്ന സൗദി പൗരന്‍ കാറില്‍ വീട്ടില്‍ തിരിച്ചെത്തുന്നത് ദൃശ്യങ്ങളിലുണ്ടായിരുന്നു. എന്നാല്‍ കാറില്‍ നിന്ന് ഇയാള്‍ പുറത്തിറങ്ങുന്നത് കാണാന്‍ കഴിഞ്ഞില്ല. അല്‍പസമയത്തിന് ശേഷം ഡ്രൈവര്‍ കാറുമായി പുറത്തേക്ക് പോകുന്നതും പിന്നീട് നടന്ന് തിരികെ വരുന്നതും കണ്ടു. ഇതേ തുടര്‍ന്ന് ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യുകയായിരുന്നു.

തര്‍ക്കത്തെ തുടര്‍ന്ന് സ്‍പോണ്‍സറെ തലക്കടിച്ച് കൊന്നുവെന്ന് ഡ്രൈവര്‍ സമ്മതിച്ചു. അടിയേറ്റ് തല്‍ക്ഷണം മരണം സംഭവിച്ചു. മൃതദേഹം വീട്ടിലെ ഭൂഗര്‍ഭ വാട്ടര്‍ ടാങ്കില്‍ തള്ളുകയായിരുന്നു. ശേഷം സ്‍പോണ്‍സറുടെ കാര്‍ വീട്ടില്‍ നിന്ന് കൊണ്ടുപോയി അകലെയുള്ള മറ്റൊരിടത്ത് പാര്‍ക്ക് ചെയ്‍തു. മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള സാധനങ്ങളും കാറില്‍ തന്നെ ഉപേക്ഷിച്ചു.

എട്ട് വര്‍ഷമായി വീട്ടില്‍ ജോലി ചെയ്‍തിരുന്ന ഡ്രൈവറാണ് കൊലപാതകം നടത്തിയത്. ഇയാളെ സുരക്ഷാ വകുപ്പുകള്‍ ചോദ്യം ചെയ്‍തുവരികയാണ്. കൊല്ലപ്പെട്ട സ്വദേശിയുടെ മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം സംസ്‍കരിച്ചു.

Follow Us:
Download App:
  • android
  • ios