റിയാദ്​: വീട്ട്​ ഡ്രൈവർ, മറ്റ്​ വീട്ടുജോലി വിസകളിലുള്ളവരുടെ​ സ്​പോൺസർഷിപ്പ്​ മാറ്റം പുനരാരംഭിച്ചു. നീണ്ട ഏഴുവർഷത്തെ ഇടവേളയ്​ക്ക്​ ശേഷമാണ്​ സൗദി തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം ഇത്​ പുനരാരംഭിച്ചതെന്ന്​ പ്രാദേശിക മാധ്യമങ്ങൾ​ റിപ്പോർട്ട്​ ചെയ്​തു.

വ്യക്തിയുടെ കീഴിൽ വീട്ട്​​ ഡ്രൈവർ, വീട്ടുവേലക്കാരി പോലുള്ള ഗാർഹിക വിസകളിൽ കഴിയുന്നവർക്ക്​ ഒരു സ്ഥാപനത്തി​ന്റെ പേരിലേക്ക്​ വിസയും ഒപ്പം തസ്​തികയും (പ്രഫഷൻ) മാറ്റാനുള്ള അനുമതിയാണ്​ മന്ത്രാലയം നൽകിത്തുടങ്ങിയത്​. ലേബർ ബ്രാഞ്ച്​ ഓഫീസുകൾ വഴി നേരിട്ട്​ മാത്രമേ ഈ നടപടികൾ പൂർത്തിയാക്കാൻ കഴിയൂ. ഓൺലൈനിലൂടെ ഈ സേവനം ലഭിക്കില്ല. കർശന നിബന്ധനകളുടെ അടിസ്ഥാനത്തിലാണ്​ സ്​പോൺസർഷിപ്പ്​, പ്രഫഷൻ മാറ്റം.

ഇഖാമ ഒരു വർഷത്തിൽ കൂടുതൽ കാലത്തേക്ക്​ പുതുക്കിയതാകാൻ പാടില്ല എന്നതാണ്​ പ്രധാന നിബന്ധന. തിരി​ച്ച്​ സ്ഥാപനത്തിൽ നിന്ന്​ വ്യക്തിഗത സ്​പോൺസർഷിപ്പിലേക്ക്​ മാറാനും അനുവദിക്കില്ല. പ്രഫഷനും സ്​പോൺസർഷിപ്പും​ മാറാനുള്ള അപേക്ഷാഫോറത്തിന്റെ മാതൃകയും മന്ത്രാലയം പ്രസിദ്ധീകരിച്ചിട്ടുണ്ട്​. തൊഴിലാളിയുടെ പേര്​, ഇഖാമ നമ്പർ എന്നിവയുൾപ്പെടെയുള്ള വിവരങ്ങളാണ്​ അപേക്ഷയിൽ ​പൂരിപ്പിക്കേണ്ടത്​.

സ്​പോൺസർഷിപ്പ്​ മാറ്റാൻ അനുവദിക്കണമെന്നും പ്രഫഷൻ, സ്​പോൺസർഷിപ്പ്​ മാറ്റ നടപടികൾ പൂർത്തിയാകുന്നതുവരെ പുതിയ തൊഴിലുടമയുടെ കീഴിൽ ജോലി തുടങ്ങില്ലെന്നും അപേക്ഷകൻ സ്വയം സാക്ഷ്യപ്പെടുത്തി ഒപ്പും വിരൽ മുദ്രയും വെക്കണം. പുതുതായി ചേരുന്ന സ്ഥാപനത്തിന്റെ പേര്​, മറ്റ്​ വിവരങ്ങൾ, സ്ഥാപനാധികാരിയുടെ ഒപ്പ്​, ഔദ്യോഗിക മുദ്ര എന്നിവയും അപേക്ഷയിലുണ്ടാവണം. സ്​പോൺസർഷിപ്പ്​, പ്രഫഷൻ മാറ്റങ്ങൾ അനുവദിച്ചുകൊണ്ട്​ നിലവിലെ തൊഴിലുടമ നൽകുന്ന സമ്മതപത്രവും അപേക്ഷയോ​ടൊപ്പം ഹാജരാക്കണം.

ചേംബർ ഒാഫ്​ കോമേഴ്​സ് അല്ലെങ്കിൽ ഡിസ്​ട്രിക്​റ്റ്​ ചീഫ് അല്ലെങ്കിൽ ലേബർ ഓഫീസ്​ അറ്റസ്​റ്റ്​ ചെയ്​തതായിരിക്കണം. സ്​പോൺസർഷിപ്പ്​ മാറ്റാൻ തയാറാണെന്ന​ പുതിയ തൊഴിലുടമ/സ്ഥാപനത്തിന്റെ സമ്മതപത്രവും വേണം. അതും ചേംബർ ഓഫ്​ കോമേഴ്​സ്​ അറ്റസ്​റ്റ്​ ചെയ്തിരിക്കണം. സ്​പോൺസർഷിപ്പ്​ ഏറ്റെടുക്കുന്ന പുതിയ സ്ഥാപനം നിതാഖാത്​ പ്രകാരം ഇടനിലയിലുള്ള പച്ച കാറ്റഗറിയിലെങ്കിലും ആയിരിക്കണം.