ഒരു വര്‍ഷത്തിലധികം നീണ്ട നടപടികളിലൂടെ രാജകുടുബാംഗങ്ങള്‍ ഉള്‍പ്പെടെ 381 പേരെയാണ് വിളിച്ചുവരുത്തിയത്. വ്യവസായികളും മന്ത്രിമാരും മറ്റ് പ്രമുഖരുമൊക്കെ ഈ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു. 

റിയാദ്: സൗദിയിലെ അഴിമതി വിരുദ്ധ നടപടികളിലൂടെ നാല്‍പതിനായിരം കോടി റിയാല്‍ പിടിച്ചെടുത്തതായി റോയല്‍ കോര്‍ട്ട് അറിയിച്ചു. ഇത് സംബന്ധിച്ച അന്തിമ റിപ്പോര്‍ട്ട് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍, ഭരണാധികാരി സല്‍മാന്‍ രാജാവിന് സമര്‍പ്പിച്ചു. 2017 നവംബറില്‍ തുടങ്ങിയ അഴിമതി വിരുദ്ധ നടപടികള്‍ അവസാനിപ്പിക്കാനും അദ്ദേഹം അനുമതി തേടി.

ഒരു വര്‍ഷത്തിലധികം നീണ്ട നടപടികളിലൂടെ രാജകുടുബാംഗങ്ങള്‍ ഉള്‍പ്പെടെ 381 പേരെയാണ് വിളിച്ചുവരുത്തിയത്. വ്യവസായികളും മന്ത്രിമാരും മറ്റ് പ്രമുഖരുമൊക്കെ ഈ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു. ചിലരെ ചോദ്യം ചെയ്ത് വിട്ടയച്ചപ്പോള്‍ മുന്നൂറോളം പേരെ കസ്റ്റഡിയിലെടുത്തു. 87 പേര്‍ കുറ്റം സമ്മതിക്കുകയും വസ്തുവകകള്‍ വിട്ടുനല്‍കി ഒത്തുതീര്‍പ്പിന് തയ്യാറാവുകയും ചെയ്തു. ഇവരില്‍ നിന്ന് പണവും മറ്റ് വസ്തുക്കളും ഈടാക്കി.

പിടിയിലായ 56 പേര്‍ക്കെതിരെ മറ്റ് ക്രിമനല്‍ കേസുകള്‍ നിലവിലുള്ളതിനാല്‍ ഒത്തുതീര്‍പ്പ് സാധ്യമല്ലെന്ന് ഭരണകൂടം അറിയിച്ചിട്ടുണ്ട്. എട്ട് പേര്‍ കുറ്റം സമ്മതിക്കുകയോ ഒത്തുതീര്‍പ്പിന് തയ്യാറാവുകയോ ചെയ്തിട്ടില്ല. ഇവരെ നിയമ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറും. മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ നേരിട്ട് നേതൃത്വം നല്‍കിയ അഴിമതി വിരുദ്ധ നടപടികള്‍ 2017 നവംബര്‍ നാലിനാണ് തുടങ്ങിയത്.