രണ്ടു തിയേറ്ററുകളാണ് ഇവിടെയുള്ളത്. 323 സീറ്റുകളുള്ളതും 115 സീറ്റുകളുള്ളതും. ഏറ്റവും അവസാന നിര വിഐപി സീറ്റുകളാണ്. സിനിമ കാണാനെത്തുന്നവര്‍ക്ക് പാര്‍ക്കിംഗ് സൗജന്യമാണ്.

ദുബൈ: ദേര ഹയാത്ത്(Deira Hyatt) റീജന്‍സിയിലെ സ്റ്റാര്‍ ഗലേറിയ സിനിമ രണ്ടു വര്‍ഷത്തെ അടച്ചിടലിന് ശേഷം ശനിയാഴ്ച പുനരാരംഭിച്ചു. കോവിഡ് 19 രൂക്ഷമായതിനെ തുടര്‍ന്നാണ് തിയേറ്റര്‍ അടച്ചിട്ടിരുന്നത്. അത്യന്താധുനിക സൗകര്യങ്ങളുള്ള നവീകരിച്ച രണ്ടു തിയ്യറ്ററുകള്‍ ആണ് സ്റ്റാര്‍ ഗലേറിയ സിനിമയില്‍ സജ്ജമാക്കിയിരിക്കുന്നതെന്ന് പ്രദര്‍ശകരായ സലീം, ഫൈസല്‍, രാജന്‍ വര്‍ക്കല തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

രണ്ടു തിയേറ്ററുകളാണ് ഇവിടെയുള്ളത്. 323 സീറ്റുകളുള്ളതും 115 സീറ്റുകളുള്ളതും. ഏറ്റവും അവസാന നിര വിഐപി സീറ്റുകളാണ്. സിനിമ കാണാനെത്തുന്നവര്‍ക്ക് പാര്‍ക്കിംഗ് സൗജന്യമാണ്. ദിവസവും 1, 4, 7, 10 സമയങ്ങളില്‍ നാലു പ്രദര്‍ശനങ്ങളാണ് വലിയ തിയ്യറ്ററിലുണ്ടാവുക. 1.30, 4.30, 7.30, 10.30 എന്നിങ്ങനെയാണ് ചെറിയ തിയ്യറ്ററിലെ പ്രദര്‍ശന സമയം. വാറ്റ് കൂടി ഉള്‍പ്പെടുത്തി 36.75 ദിര്‍ഹമാണ് ടിക്കറ്റ് നിരക്ക്. ഒരാഴ്ചക്കകം ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പന ആരംഭിക്കും.

പ്രണവ് മോഹന്‍ ലാല്‍ നായകനായ ‘ഹൃദയം’ ആണ് ഇപ്പോള്‍ പ്രദര്‍ശിപ്പിച്ചു കൊണ്ടിരിക്കുന്നത്. ഉണ്ണി മുകുന്ദന്‍ മുഖ്യ വേഷമിട്ട ‘മേപ്പടിയാന്‍’, ‘സൂപ്പര്‍ ശരണ്യ’ എന്നീ ചിത്രങ്ങളും പ്രദര്‍ശനത്തിനുണ്ട്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ‘സല്യൂട്ട്’ ഉടന്‍ പ്രദര്‍ശനത്തിനെത്തും. കോവിഡിന് ശേഷം വീണ്ടും തിയേറ്ററുകള്‍ തുറന്നത് ഈ മേഖലയില്‍ വലിയ പ്രതീക്ഷയാണ് പകര്‍ന്നിരിക്കുന്നതെന്ന് രാജന്‍ വര്‍ക്കല പറഞ്ഞു. ‘ലൂസിഫര്‍’ 6 ലക്ഷത്തിലധികം പേരാണ് ജിസിസിയില്‍ കണ്ടത്. ‘കുറുപ്പി’ന് 3 ലക്ഷത്തിലധികം പ്രേക്ഷകരെയാണ് ലഭിച്ചത്.

ദേരയില്‍ തനി തിയേറ്റര്‍ എഫക്ടില്‍ സിനിമ കാണാനാകുന്ന സജ്ജീകരണങ്ങളാണ് സ്റ്റാര്‍ ഗലേറിയ സിനിമയില്‍ ഉള്ളതെന്ന് സലീമും ഫൈസലും പറഞ്ഞു. സ്റ്റാര്‍ ഗലേറിയയില്‍ നിന്ന് മികച്ച സിനിമാനുഭവമാണുണ്ടാവുകയെന്നും അവര്‍ അവകാശപ്പെട്ടു.
ഇക്വിറ്റി പ്‌ളസ് അഡ്വര്‍ടൈസിംഗ് എംഡി ജൂബി കുരുവിള, മുഹമ്മദ് അക്ബര്‍, അബ്ദുല്‍ റഹ്മാന്‍, ഫൈസല്‍ പനങ്ങാട്, മുഹമ്മദ് ആമിര്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.