കുവൈത്ത് സിറ്റി: ഒരു വര്‍ഷത്തിലേറെയായി കുവൈത്തില്‍ കുടുങ്ങിയ ഇന്ത്യന്‍ നാവികര്‍ നാട്ടിലേക്ക് തിരിച്ചു. 15 മാസത്തെ കാത്തിരിപ്പിന് ഒടുവിലാണ് കുവൈത്തില്‍ കുടുങ്ങിയ 16 നാവികരുടെ ഇന്ത്യയിലേക്കുള്ള യാത്ര സാധ്യമായത്.

 ഇന്ത്യന്‍ എംബസിയുടെ നിരന്തര ഇടപെടലാണ് നാവികരുടെ മടക്കത്തില്‍ നിര്‍ണായകമായത്. എം വി യുഎല്‍എ എന്ന കപ്പലിലെ നാവികര്‍ എയര്‍ ഇന്ത്യ എഎല്‍ 1902 എന്ന വിമാനത്തിലാണ് ഡല്‍ഹിയിലേക്ക് തിരിച്ചത്. കപ്പലിന്റെ ഉടമയും ചരക്ക് ഉടമയും തമ്മിലുള്ള തര്‍ക്കം നിയമപോരാട്ടത്തിലേക്ക് നീണ്ടതിനെ തുടര്‍ന്നാണ് നാവികര്‍ കുവൈത്തില്‍ കുടുങ്ങിയത്. മോചനം ആവശ്യപ്പെട്ട് ജീവനക്കാര്‍ നിരാഹാര സമരം നടത്തിയിരുന്നു. നാവികരുടെ മടക്കത്തിനായി  ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജിന്റെ നേതൃത്വത്തില്‍ നിരന്തര ശ്രമങ്ങള്‍ നടത്തിയിരുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona