ബഹ്റൈനിലെ തൊഴിലുടമ പാസ്‍പോര്‍ട്ട് പിടിച്ചുവെച്ചതോടെ നാട്ടിലേക്ക് വരാന്‍ കഴിയാതിരുന്ന വടകര സ്വദേശി 25 വര്‍ഷങ്ങള്‍ക്ക് ശേഷം നാട്ടിലെത്തി.
മനാമ: നാട്ടില്‍ പോകാന്‍ കഴിയാതെ 25 വര്‍ഷത്തോളം ബഹ്റൈനില്‍ കുടുങ്ങിപ്പോയ മലയാളി (Stranded expat) ചൊവ്വാഴ്‍ച നാടണഞ്ഞു. 1996ല്‍ ബഹ്റൈനിലെത്തിയ കോഴിക്കോട് ബഹ്റൈന്‍ സ്വദേശി ശശിധരന്‍ പുല്ലോട്ടാണ് (63) സാമൂഹിക പ്രവര്‍ത്തകരുടെയും എംബസിയുടെയും (Indian Embassy in Manama) സഹായത്തോടെ രേഖകള്‍ ശരിയാക്കി നാട്ടിലേക്ക് മടങ്ങിയത്. ഇക്കാലമത്രയും പല ജോലികള്‍ ചെയ്‍ത് ബഹ്റൈനില്‍ ദിവസങ്ങള്‍ തള്ളിനീക്കുകയായിരുന്നു അദ്ദേഹമെന്ന് ന്യൂസ് ഓഫ് ബഹ്റൈന്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
ബഹ്റൈനിലെ തൊഴിലുടമ തന്റെ പാസ്‍പോര്‍ട്ട് പിടിച്ചുവെച്ചതോടെയാണ് ശശിധരന്റെ ജീവിതം ദുരിതത്തിലായത്. പ്രായം കുടിയതനുസരിച്ച് രോഗങ്ങള്‍ കൂടിയായപ്പോള്‍ എത്രയും വേഗം നാട്ടിലെത്തി കുടുംബത്തോടൊപ്പം ജീവിക്കണമെന്ന് ആഗ്രഹിച്ചെങ്കിലും രേഖകളില്ലാത്ത അനധികൃത താമസക്കാരാനായി മാറിക്കഴിഞ്ഞിരുന്നതിനാല്‍ അതൊക്കെ വെറും ആഗ്രഹങ്ങളാക്കി മനസില്‍ സൂക്ഷിക്കാന്‍ മാത്രമേ സാധിച്ചിരുന്നുള്ളൂ.
സാമുഹിക പ്രവര്‍ത്തകരായ സുധീര്‍ തിരുനിലത്തിനെയും വേണു വടകരയെയും കണ്ടുമുട്ടിയതാണ് ശശിധരന്റെ ജീവിതത്തിന്റെ വഴിത്തിരിവായത്. മറ്റൊരു സാമൂഹിക പ്രവര്‍ത്തകനായ രാജന്‍ പുതുക്കുടിയാണ് കൊവിഡ് കാലത്ത് വരുമാനമാര്‍ഗമൊന്നുമില്ലാതെ ഒറ്റപ്പെട്ട ശശിധരന് ഭക്ഷണവും താമസ സൗകര്യവും ഒരുക്കിയത്. സാമൂഹിക പ്രവര്‍ത്തകര്‍ വടകരയിലുള്ള ശശിധരന്റെ കുടുംബവുമായും ബന്ധപ്പെട്ടു.
ബഹ്റൈനിലെ ഇന്ത്യന്‍ എംബസി സംഘടിപ്പിച്ച ഓപ്പണ്‍ ഹൗസ് പരിപാടിയില്‍ വെച്ച് ശശിധരന്റെ വിവരം സുധീറാണ് ഇന്ത്യന്‍ അംബാസഡറുടെ ശ്രദ്ധയില്‍പെടുത്തിയത്. ഇതോടെ നാട്ടിലെത്താനുള്ള വഴി തെളിയുകയായിരുന്നു. വിഷയത്തില്‍ എംബസി ഇടപെടുകയും ശശിധരന് എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് ഇഷ്യു ചെയ്യുകയും ചെയ്‍തതോടെ വര്‍ഷങ്ങള്‍ നീണ്ട ദുരിതത്തിന് അറുതിയായി. സാമൂഹിക പ്രവര്‍ത്തകര്‍ക്കും ബഹ്റൈനിലെ ഇന്ത്യന്‍ അംബാസഡര്‍ പിയൂഷ് ശ്രീവാസ്‍തവയ്‍ക്കും നന്ദി അറിയിച്ചുകൊണ്ട് ചൊവ്വാഴ്ചയാണ് അദ്ദേഹം നാട്ടിലേക്ക് വിമാനം കയറിയത്.
