ഹമാസിനെ ലക്ഷ്യമിട്ട് ഇസ്രയേൽ ഖത്തറിൽ നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് സൗദിയും പാകിസ്ഥാനും പ്രതിരോധ കരാറില്‍ ഒപ്പുവെച്ചത്. ഈ കരാറിലെ പ്രധാന വ്യവസ്ഥയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
ദില്ലി: സൗദി അറേബ്യയും പാകിസ്ഥാനും തമ്മില്‍ ഒപ്പുവെച്ച തന്ത്രപരമായ പ്രതിരോധ കരാറിനെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. പഹൽഗാം ഭീകരാക്രമണവും ഓപ്പറേഷൻ സിന്ദൂറിലൂടെയുള്ള ഇന്ത്യയുടെ മറുപടിയും അന്താരാഷ്ട്ര തലത്തിൽ വലിയ ചര്‍ച്ചയായിരുന്നു. ഇന്ത്യ-പാകിസ്ഥാന്‍ ബന്ധം ഏറ്റവും മോശമായ അവസ്ഥയിലൂടെ കടന്നുപോകുന്ന സാഹചര്യത്തിലാണ് സൗദി അറേബ്യ പാകിസ്ഥാനുമായി പ്രതിരോധ കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. വീണ്ടും ഇന്ത്യയും പാകിസ്ഥാനും തമ്മിൽ സംഘർഷത്തിലേയ്ക്ക് നീങ്ങിയാൽ സൗദി അറേബ്യ ഇന്ത്യയ്ക്ക് എതിരായ നിലപാട് സ്വീകരിച്ച് പാകിസ്ഥാനൊപ്പം നിൽക്കുമോ എന്നതാണ് ഉയർന്നുവരുന്ന സംശയം.
സൗദി-പാകിസ്ഥാൻ പ്രതിരോധ കരാര്‍
സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാനും പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും 2025 സെപ്റ്റംബർ 17-ന് റിയാദിൽ വെച്ചാണ് തന്ത്രപരമായ പ്രതിരോധ കരാറിൽ ഒപ്പുവച്ചത്. ഏതെങ്കിലും രാജ്യത്തിന് നേരെയുണ്ടാകുന്ന ആക്രമണം ഇരു രാജ്യങ്ങൾക്കും നേരെയുള്ള ആക്രമണമായി കണക്കാക്കുമെന്ന് കരാറിൽ പറയുന്നു. ഇസ്രയേലിന്റെ ഖത്തർ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് പാകിസ്ഥാനും സൗദിയും കരാർ പ്രഖ്യാപിച്ചതെങ്കിലും ഇന്ത്യയെ സംബന്ധിച്ച് സുരക്ഷാ ആശങ്കയുണ്ടാക്കുന്നതാണ് കരാറും അതിലെ വ്യവസ്ഥകളും. സൗദി കിരീടാവകാശിയുടെ ക്ഷണപ്രകാരം രാജ്യത്തെത്തിയ ഷെരീഫിന്‍റെ ഔദ്യോഗിക സന്ദർശന വേളയിൽ അൽ-യമാമ കൊട്ടാരത്തിൽ വെച്ചാണ് കരാർ ഒപ്പുവച്ചത്. പാകിസ്ഥാൻ വിദേശകാര്യ ഓഫീസ് പുറത്തിറക്കിയ സംയുക്ത പ്രസ്താവന പ്രകാരം, രണ്ട് രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണം വികസിപ്പിക്കാനും ഏതൊരു ആക്രമണത്തിനും എതിരെയുള്ള സംയുക്ത പ്രതിരോധം ശക്തിപ്പെടുത്താനും കരാർ ലക്ഷ്യമിടുന്നു. മേഖലയിലും ലോകത്തും സമാധാനം ഉറപ്പാക്കാനും സുരക്ഷ വർധിപ്പിക്കാനും കരാർ സഹായിക്കുമെന്നും പ്രസ്താവനയിൽ പറയുന്നു.
ഇന്ത്യക്ക് തിരിച്ചടിയാകുമോ?
പുതിയ കരാർ അനുസരിച്ച് സൗദി ഇന്ത്യയുമായി നേർക്കുനേർ യുദ്ധത്തിന് തയ്യാറാകുമെന്ന് അർത്ഥമില്ലെന്നാണ് പ്രതിരോധ വിദഗ്ധരും ഭൗമ രാഷ്ട്രീയ വിശകലന വിദഗ്ധരും പറയുന്നത്. ഹമാസിനെ ലക്ഷ്യമിട്ട് ഇസ്രയേൽ ഖത്തറിൽ നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് സൗദിയും പാകിസ്ഥാനും കൈകോർക്കുന്നത്. അതിനാൽ തന്നെ ഇസ്രയേലിന് ശക്തമായ മുന്നറിയിപ്പ് നൽകാനാണ് സൗദി ഇതിലൂടെ ശ്രമിക്കുന്നതെന്നാണ് വിലയിരുത്തൽ. ഇറാൻ, ലെബനൻ, സിറിയ, യെമൻ, ഖത്തർ തുടങ്ങിയ രാജ്യങ്ങൾക്ക് എതിരായ ഇസ്രയേലിന്റെ നീക്കങ്ങൾ അറബ് രാജ്യങ്ങൾക്കിടയിൽ വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്.
മിഡിൽ ഈസ്റ്റിലെ ഏക ആണവ രാഷ്ട്രമാണ് ഇസ്രയേൽ. ആണവ രാഷ്ട്രമായ പാകിസ്ഥാനുമായി പ്രതിരോധ കരാറില്‍ ഏര്‍പ്പെടാൻ സൗദി അറേബ്യയെ പ്രേരിപ്പിച്ചതിലും ഇതൊരു ഘടകമായിട്ടുണ്ടെന്നാണ് വിലയിരുത്തൽ. കരാർ മേഖലയുടെ സ്ഥിരതയ്ക്കും രാജ്യ സുരക്ഷയ്ക്കും എന്ത് പ്രത്യാഘാതം ഉണ്ടാക്കും എന്നത് പഠിക്കുമെന്നാണ് കരാറിനോട് പ്രതികരിച്ച് ഇന്ത്യ വ്യക്തമാക്കിയത്. പാകിസ്ഥാനും സൗദി അറേബ്യക്കുമിടയിൽ ഏറെ നാളായി ഇക്കാര്യത്തിലെ ചർച്ച നടക്കുന്നത് അറിയാമായിരുന്നെന്ന് വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
സൗദിയുമായുള്ള കരാർ ഇന്ത്യയ്ക്ക് എതിരായ വലിയ നയതന്ത്ര വിജയമായി പാകിസ്ഥാൻ കണക്കാക്കുമ്പോൾ സ്ഥിതിഗതികൾ ഇന്ത്യയും സൂക്ഷ്മമമായി നിരീക്ഷിക്കുന്നുണ്ട്. നാറ്റോ ശൈലിയിലുള്ള പ്രതിരാധ കരാറാണിത്. പാകിസ്ഥാനും സൗദി അറേബ്യയും തമ്മിൽ പതിറ്റാണ്ടുകളായി അനൗപചാരികമായി പ്രതിരോധ സഹകരണമുണ്ട്. എന്നാൽ ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ മേഖലയിലെ ബന്ധം ഔപചാരികമാക്കുന്നതിന്റെ ഭാഗമായുള്ള നീക്കമായാണ് പുതിയ കരാർ വിലയിരുത്തപ്പെടുന്നത്. അതേസമയം ഇന്ത്യ യുദ്ധം പ്രഖ്യാപിച്ചാൽ പാകിസ്ഥാനൊപ്പം സൗദി അറേബ്യ പ്രതിരോധിക്കുമെന്ന് പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് ഇസ്ലാമാബാദിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോള്‍ വ്യക്തമാക്കിയിരുന്നു. നാറ്റോ കരാറിലെ ആർട്ടിക്കിൾ 5 'കൂട്ടായ പ്രതിരോധം' എന്നതിന് സമാനമാണ് പാകിസ്ഥാനും സൗദി അറേബ്യയും തമ്മിൽ ഒപ്പിട്ട കരാർ. അതിൽ അംഗ രാജ്യത്തിനെതിരായ ആക്രമണം എല്ലാ രാജ്യങ്ങൾക്കും എതിരായ ആക്രമണമാണെന്ന് അടിസ്ഥാനപരമായി അർത്ഥമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സൗദി അറേബ്യയ്‌ക്കെതിരെയോ പാകിസ്ഥാനെതിരെയോ ആക്രമണം ഉണ്ടായാൽ, ഞങ്ങൾ സംയുക്തമായി അതിനെ പ്രതിരോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഈ കരാർ ഏതെങ്കിലും തരത്തിലുള്ള ആക്രമണത്തിന് ഉപയോഗിക്കാൻ ഉദ്ദേശിക്കുന്നില്ല. എന്നാൽ അംഗ രാജ്യത്തിന് ഭീഷണിയുണ്ടെങ്കിൽ, തീർച്ചയായും ഈ ക്രമീകരണം പ്രാബല്യത്തിൽ വരും. പാകിസ്ഥാന്റെ ആണവായുധങ്ങൾ സൗദി അറേബ്യയുടെ ഉപയോഗത്തിന് ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ-സൗദി ബന്ധം
ഇന്ത്യ ഏറ്റവും കൂടുതലായി എണ്ണ വാങ്ങുന്ന രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യ. വര്‍ഷങ്ങളായി ഇന്ത്യയും സൗദി അറേബ്യയും തമ്മില്‍ നല്ല ബന്ധമുണ്ട്. 90 ലക്ഷത്തിലേറെ ഇന്ത്യക്കാര്‍ സൗദിയിലുണ്ട്. ഇരുരാജ്യങ്ങളും തമ്മില്‍ വ്യാപാര രംഗത്ത് മികച്ച സഹകരണവുമുണ്ട്. ഇന്ത്യയുടെ നാലാമത്തെ വലിയ വ്യാപാരപങ്കാളിയാണ് സൗദി. ഇന്ത്യയാകട്ടെ, സൗദിയുടെ രണ്ടാമത്തെ വലിയ വ്യാപാരപങ്കാളിയും. 2024-25 വർഷത്തിൽ 4188 കോടി ഡോളറിന്റെ ഉഭയകക്ഷി വ്യാപാരമാണ് ഇരുരാജ്യങ്ങൾക്കുമിടയിലും നടന്നത്.
ഇന്ത്യയും പാകിസ്ഥാനും തമ്മിൽ സായുധസംഘർഷമുണ്ടായി നാലുമാസത്തിന് ശേഷമാണ് സൗദിയുമായി പാകിസ്താൻ ഒരു പ്രതിരോധ കരാറിലേക്ക് എത്തുന്നത്. പരമ്പരാഗതമായി പാകിസ്ഥാനുമായി അടുത്ത സാമ്പത്തിക- സുരക്ഷാ ബന്ധങ്ങൾ നിലനിർത്തിവന്നിരുന്ന രാജ്യമാണ് സൗദി അറേബ്യ. മതം, തന്ത്രപരമായ സുരക്ഷ താൽപര്യങ്ങൾ, സാമ്പത്തിക പരസ്പരാശ്രിതത്വം എന്നിവയിൽ വേരൂന്നിയതാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം. 1947 ഓഗസ്റ്റിൽ സ്വാതന്ത്ര്യം നേടിയ ശേഷം പാകിസ്താനെ അംഗീകരിച്ച ആദ്യ രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യ.
പാകിസ്ഥാനും സൗദി അറേബ്യയും
പാകിസ്ഥാന്‍റെ ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക പങ്കാളികളിൽ ഒന്നാണ് സൗദി അറേബ്യ. ഏകദേശം 3.5 ബില്യൺ യുഎസ് ഡോളറിന്റെ ഉഭയകക്ഷി വ്യാപാരമാണ് ഇരുവരും തമ്മിലുള്ളത്. പാകിസ്ഥാന് വലിയ തോതിൽ എണ്ണ വിതരണം ചെയ്യുകയും പ്രതിസന്ധി ഘട്ടങ്ങളിൽ നേരിട്ടുള്ള നിക്ഷേപവും സാമ്പത്തിക സഹായവും നൽകുകയും ചെയ്യുന്നു. വ്യാപാരം, അടിസ്ഥാന സൗകര്യ വികസനം, ഊർജ്ജം എന്നീ മേഖലകളിലും ഇരു രാജ്യങ്ങളും സഹകരിക്കുന്നു. ഇതിന് പുറമേ പലഘട്ടത്തിലും പാകിസ്ഥാന് സൗദി അറേബ്യ കോടിക്കണക്കിന് ഡോളർ സഹായം നൽകിയിട്ടുണ്ട്.
ഇസ്രയേലിന്‍റെ ആക്രമണങ്ങൾക്ക് പിന്നാലെ മധ്യേഷ്യയിൽ വർധിച്ചുവരുന്ന അസ്ഥിരത, ഇറാന്റെ ഭീഷണിയെക്കുറിച്ചുള്ള ആശങ്കകൾ, മേഖലയിൽ യു.എസ്. നൽകിക്കൊണ്ടിരുന്ന സുരക്ഷാ ഉറപ്പുകളെക്കുറിച്ചുള്ള സംശയങ്ങൾ എന്നിവയ്ക്കിടയിലാണ് പാകിസ്ഥാനും സൗദിയും പ്രതിരോധ സുരക്ഷാ കരാറിലേക്ക് എത്തുന്നത്. ഒരു അറബ് രാഷ്ട്രം ഒരു ആണവായുധ രാഷ്ട്രവുമായി ഒപ്പുവച്ച ആദ്യത്തെ പ്രധാന പ്രതിരോധ കരാറാണിത്. കരാറിലെ പ്രധാന വ്യവസ്ഥ ഇന്ത്യയെ ബാധിക്കില്ലെന്ന് സൗദി വൃത്തങ്ങൾ സൂചിപ്പിച്ചെങ്കിലും ഭാവിയിൽ പാകിസ്ഥാനുമായി സംഘർഷമുണ്ടാകുമ്പോൾ കരാർ പ്രകാരം സൗദി അറേബ്യ പാകിസ്ഥാനെ പിന്തുണയ്ക്കുമോയെന്നതാണ് ഇന്ത്യയുടെ ആശങ്ക.


