ഭര്‍ത്താവും ഭാര്യയും വീട്ടിനുള്ളില്‍ വഴക്കുണ്ടാക്കിയതാണ് സംഭവങ്ങളുടെ തുടക്കം. എന്നാല്‍ ഇരുവരും തമ്മിലുള്ള വഴക്കില്‍ ഇവരുടെ ബന്ധുക്കള്‍ ഇടപെട്ടതോടെ കാര്യങ്ങള്‍ വഷളായി.

കുവൈത്ത് സിറ്റി: കുവൈത്തില്‍ ദമ്പതികള്‍ തമ്മിലുണ്ടായ വഴക്ക് രൂക്ഷമായതോടെ കുടുംബങ്ങള്‍ തമ്മില്‍ നടുറോഡില്‍ അടിപിടി. കുവൈത്തിലാണ് സംഭവം ഉണ്ടായത്. ദമ്പതികള്‍ തമ്മിലുണ്ടായ വഴക്കില്‍ കുടുംബങ്ങള്‍ ഇടപെടുകയായിരുന്നെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു.

കുവൈത്തിലെ മുബാറക് അല്‍ കബീര്‍ ഗവര്‍ണറേറ്റിലെ അല്‍ അദാന്‍ ഏരിയയില്‍ തിങ്കളാഴ്ചയാണ് സംഭവം ഉണ്ടായത്. അടിപിടിയുടെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഭര്‍ത്താവും ഭാര്യയും വീട്ടിനുള്ളില്‍ വഴക്കുണ്ടാക്കിയതാണ് സംഭവങ്ങളുടെ തുടക്കം. എന്നാല്‍ ഇരുവരും തമ്മിലുള്ള വഴക്കില്‍ ഇവരുടെ ബന്ധുക്കള്‍ ഇടപെട്ടതോടെ കാര്യങ്ങള്‍ വഷളായി. തുടര്‍ന്ന് വഴക്ക് രൂക്ഷമാകുകയും കലഹമായി മാറുകയുമായിരുന്നു. കലഹം തെരുവിലേക്കും നീണ്ടു. തെരുവില്‍ ബന്ധുക്കളടക്കം തമ്മിലടിക്കുകയായിരുന്നെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ കലഹത്തിനിടെ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ശ്വാസംമുട്ടല്‍ അനുഭവപ്പെട്ട ചിലരെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റിയതായാണ് വിവരം. അടിപിടിയില്‍ ഏര്‍പ്പെട്ടവരെ പോലീസ് സ്‌റ്റേഷനിലെത്തിച്ചു. ഇവരെ അറസ്റ്റ് ചെയ്ത് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായി ആഭ്യന്തര മന്ത്രാലയ അധികൃതര്‍ അറിയിച്ചു.