മോഷണം തടയുന്നതിനും യാത്രക്കാരെ നിരീക്ഷിക്കുന്നതിനുമായി ലോസ് പ്രിവന്‍ഷന്‍ ടീം എന്ന പേരില്‍ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. മോഷണം ശ്രദ്ധയില്‍പെട്ടാല്‍ ഇവര്‍ പൊലീസില്‍ അറിയിക്കും. 

ദുബായ്: യാത്രക്കാരുടെ മോഷണം വ്യാപകമായതോടെ കര്‍ശന പരിശോധനയും നിരീക്ഷണം നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ് ദുബായ് ഡ്യൂട്ടി ഫ്രീ അധികൃതര്‍. മോഷണം നടത്തുന്നവരെ കൈയ്യോടെ പിടികൂടിയാല്‍ പഴയത് പോലെ ബില്ലടച്ച് രക്ഷപെടാന്‍ ഇനി അവസരം ലഭിക്കില്ല. മോഷണക്കുറ്റത്തിന് നടപടി നേരിടേണ്ടിവരുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. 

മോഷണം തടയുന്നതിനും യാത്രക്കാരെ നിരീക്ഷിക്കുന്നതിനുമായി ലോസ് പ്രിവന്‍ഷന്‍ ടീം എന്ന പേരില്‍ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. മോഷണം ശ്രദ്ധയില്‍പെട്ടാല്‍ ഇവര്‍ പൊലീസില്‍ അറിയിക്കും. പൊലീസായിരിക്കും നിയമപരമായ മറ്റ് നടപടികള്‍ സ്വീകരിക്കുക. 500 ദിര്‍ഹത്തില്‍ കൂടുതല്‍ മൂല്യമുള്ള സാധനങ്ങള്‍ എടുത്തുകൊണ്ടുപോകുന്നത് പിടിക്കപ്പെട്ടാല്‍ കര്‍ശന നിയമനടപടി തന്നെ നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ക്യാമറകള്‍ തത്സമയം തന്നെ നിരീക്ഷിച്ച് കള്ളന്മാരെ കൈയ്യോടെ പിടികൂടാനാണ് തീരുമാനം. നിലവില്‍ മോഷണം ശ്രദ്ധയില്‍പെട്ടാല്‍ സ്വകാര്യമായി ഉദ്ദ്യോഗസ്ഥര്‍ വന്ന് ഇക്കാര്യം അറിയിക്കുകയും ബില്ലടയ്ക്കാന്‍ അവസരം നല്‍കുകയുമാണ് പതിവ്.