റിയാദ്​: സൗദി അറേബ്യയിൽ ഒരാഴ്​ച ശക്തമായ ശീതകാറ്റ്​ വീശുമെന്ന്​ കാലാവസ്ഥാ നീരീക്ഷകർ. ഈ വര്‍ഷത്തെ ഏറ്റവും ശക്തമായ കാറ്റാണ് വീശുക. രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ താപനില പൂജ്യം ഡിഗ്രിയിലും താഴുമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. ചില ഭാഗങ്ങളിൽ കൊടും ശൈത്യം തന്നെ അനുഭവപ്പെട്ട്​ മഞ്ഞ് മൂടാൻ സാധ്യതയുണ്ടെന്നും ജനറൽ അതോറിറ്റി ഓഫ് മെറ്റീരിയോളജി ആൻഡ് എൻവയോൺമെൻറ്​ അറിയിച്ചു.

താപനില കുറയുന്നതോടെ വലിയ തോതിൽ തണുപ്പ് അനുഭവപ്പെടും. അതിശൈത്യം കണക്കിലെടുത്ത് വടക്കൻ അതിർത്തി പ്രവശ്യകളിലെ സ്‌കൂള്‍ സമയങ്ങളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. സൗദിയുടെ വടക്ക് പടിഞ്ഞാറ് ഭാഗത്ത് നിന്ന് ആരംഭിക്കുന്ന ശീതകാറ്റ് ക്രമേണ മധ്യ, കിഴക്ക്, തെക്ക് പ്രവശ്യകളിലേക്ക് വ്യാപിക്കും. വ്യാഴാഴ്ച വരെ ശീതകാറ്റ് തുടര്‍ന്നേക്കാനാണ് സാധ്യത. അറാർ അടക്കമുള്ള വടക്കൻ അതിർത്തി മേഖലയിൽ മൂന്ന് ദിവസം രാവിലെ ഒമ്പത്​ മുതലായിരിക്കും സ്കൂളുകൾ പ്രവര്‍ത്തനം ആരംഭിക്കുകയെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

തബൂക്ക്​ മേഖലയിൽ വ്യാഴാഴ്ച വരെ രാവിലെ ഒമ്പതിനായിരിക്കും സ്‌കൂളുകള്‍ പ്രവര്‍ത്തിച്ചുതുടങ്ങുക. ഈ ദിവസങ്ങളില്‍ രാവിലെയുള്ള സ്‌കൂള്‍ അസംബ്ലി ഉണ്ടായിരിക്കുന്നതല്ല. റിയാദ്​ പ്രവിശ്യയിലുൾപ്പെടെ കടുത്ത നിലയിൽ തണുത്ത കാറ്റടിക്കാൻ സാധ്യതയുള്ള മേഖലകളിലും സ്​കൂളുകളുടെ പ്രവർത്തന സമയത്തിൽ താൽക്കാലികമായി മാറ്റം വരുത്തിയേക്കും. തുറൈഫില്‍ തിങ്കളാഴ്​ച മൈനസ് മൂന്ന് ഡിഗ്രിയാണ് താപനില രേഖപ്പെടുത്തിയത്. ഖുറയാത്തില്‍ മൈനസ് ഒരു ഡിഗ്രിയും തബൂക്കില്‍ മൂന്ന്​ ഡിഗ്രി സെല്‍ഷ്യസും രേഖപ്പെടുത്തി.