അബുദാബി: യുഎഇയില്‍ കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിലും കാറ്റിലും നിരവധി മരങ്ങള്‍ കടപുഴകിവീണു. ലോഹ ഷീറ്റുകള്‍ കൊണ്ടുണ്ടാക്കിയ നിര്‍മിതികള്‍ തകര്‍ന്നുവീണു. വിവിധ സ്ഥലങ്ങളില്‍ വ്യത്യസ്ഥ തീവ്രതയിലായിരുന്നു മഴ ലഭിച്ചത്. മോശം കാലാവസ്ഥ തുടരുമെന്ന് അറിയിച്ച സാഹചര്യത്തില്‍ അധികൃതര്‍ മുന്നറിയിപ്പ് നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.

അബുദാബിയില്‍ ഞായറാഴ്ച രാവിലെ 11 മണിക്ക് ശേഷമാണ് കനത്ത മഴ തുടങ്ങിയത്. മുസഫ, മുഹമ്മദ് ബിന്‍ സായിദ് സിറ്റി, ഖലീഫ സിറ്റി തുടങ്ങിയ പ്രദേശങ്ങളില്‍ വൈകുന്നേരം വരെ മഴ തുടര്‍ന്നു. ചിലയിടങ്ങളില്‍ ശക്തമായ ഇടിമിന്നലുമുണ്ടായി. അല്‍ ബതീന്‍, ഖാലിദിയ പ്രദേശങ്ങളിലാണ് മരങ്ങള്‍ കടപുഴകി വീണത്. കണ്‍സ്ട്രക്ഷന്‍ സൈറ്റുകളില്‍ ലോഹ ഷീറ്റുകള്‍ കൊണ്ട് തീര്‍ത്തിരുന്ന നിര്‍മിതികള്‍ പറന്നുപോയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മഴയും ശക്തമായ കാറ്റും മഞ്ഞും വരുംദിവസങ്ങളിലും തുടരാന്‍ സാധ്യതയുള്ളതിനാല്‍ വാഹനങ്ങള്‍  ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അബുദാബി ട്രാഫിക് പൊലീസ് അറിയിച്ചു. നിയമങ്ങള്‍ കര്‍ശനമായി പാലിച്ചും വേഗത കുറച്ചും മാത്രം വാഹനങ്ങള്‍ ഓടിക്കണം.  രാവിലെയും രാത്രിയും മഞ്ഞുമൂടി കാഴ്ച ദുഷ്കരമാവാന്‍ സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത പാലിക്കണം. മുന്നിലുള്ള വാഹനവുമായി സുരക്ഷിതമായ അകലം പാലിക്കണം. ഓവര്‍ടേക്ക് ചെയ്യുകയോ വാഹനങ്ങളിലെ ഹസാര്‍ഡ് ലൈറ്റുകള്‍ പ്രകാശിപ്പിക്കുകയോ ചെയ്യരുത്. 

ഡ്രൈവര്‍മാര്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ പാലിക്കണം. മോശം കാലാവസ്ഥയുള്ളപ്പോള്‍ റോഡുകളിലെ പരമാവധി വേഗപരിധി കുറയ്ക്കും. ഇക്കാര്യം ഇലക്ട്രോണിക് സൈന്‍ ബോര്‍ഡുകളിലും എസ്.എം.എസ് വഴിയും അറിയിക്കും.  ദൂരക്കാഴ്ച 2000 മീറ്ററില്‍ താഴെ ആകുന്ന സമയങ്ങളില്‍ 80 കിലോമീറ്ററിലധികം വേഗത കൂട്ടരുതെന്നും പൊലീസ് അറിയിച്ചു. കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ ബീച്ചുകളില്‍ പോകുന്നവരും ശ്രദ്ധിക്കണം.