ദുബായ്: സഹോദരനൊപ്പം ഫുട്ബോള്‍ കളിയ്ക്കുന്നതിനിടെ കാല്‍ വഴുതി വീണ് വിദ്യാര്‍ത്ഥി മരിച്ചു. ദുബായിലെ വര്‍സന്‍ ഏരിയയിലായിരുന്നു സംഭവം. അറബ് വംശജനായ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മരിച്ചതെന്നാണ് എമിറാത്ത് അല്‍ യൌം പത്രം റിപ്പോര്‍ട്ട് ചെയ്തത്.

അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തിന്റെ നാലാം നിലയിലെ ബാല്‍ക്കണിയില്‍ സഹോദരനൊപ്പം ഫുട്ബോള്‍ കളിക്കുന്നതിനിയായിരുന്നു സംഭവം. ബാല്‍ക്കണിയില്‍ നിന്ന് ബോള്‍ താഴേക്ക് പോയതിനെ തുടര്‍ന്ന് താഴേക്ക് നോക്കുന്നതിനിടെ കാല്‍ വഴുതി വീണെന്നാണ് റിപ്പോര്‍ട്ടുകള്‍. വിവരം ലഭിച്ചയുടന്‍ തന്നെ പൊലീസ് സംഘം സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു. കുട്ടികളുടെ കാര്യത്തില്‍ രക്ഷിതാക്കള്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്ന് ദുബായ് പൊലീസ് മുന്നറിയിപ്പ് നല്‍കി.