യുഎഇയിൽ 12.7 ലക്ഷത്തിലധികം വിദ്യാർഥികൾ പുതിയ അധ്യയന വർഷത്തിലേക്ക് പ്രവേശിച്ചു. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ വിദ്യാർഥികൾക്കും അധ്യാപകർക്കും ആശംസകൾ നേർന്നു. അറിവ് നേടുന്നതിനൊപ്പം മൂല്യബോധവും സാംസ്കാരിക അഭിമാനവും വളർത്തേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.

അബുദാബി: യുഎഇയിൽ പുതിയ അധ്യയന വർഷത്തിന് തുടക്കം. പുതിയ അധ്യയന വർഷത്തിലേക്ക് പ്രവേശിച്ച യുഎഇയിലെ വിദ്യാർഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും സ്കൂൾ ജീവനക്കാർക്കും യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ആശംസകൾ നേർന്നു. രാജ്യത്തുടനീളമുള്ള 12.7 ലക്ഷത്തിലധികം വിദ്യാർഥികളാണ് തിങ്കളാഴ്ച ക്ലാസുകളിലേക്ക് മടങ്ങിയെത്തിയത്.

ഓഗസ്റ്റ് 31നാണ് 2026-27 അധ്യയന വർഷത്തിലെ ആദ്യ ദിനമായി യുഎഇയിൽ സ്‌കൂളുകൾ തുറന്നുപ്രവർത്തിക്കാൻ ആരംഭിച്ചത്. പുതിയ അധ്യയന വർഷത്തെ പ്രതീക്ഷയോടെയും ആത്മവിശ്വാസത്തോടെയും ലക്ഷ്യബോധത്തോടെയും സമീപിക്കാൻ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ വിദ്യാർഥികളോട് ആഹ്വാനം ചെയ്തു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'എക്‌സി'ലൂടെ പങ്കുവെച്ച സന്ദേശത്തിലാണ് അദ്ദേഹം ആശംസകൾ അറിയിച്ചത്.

‘പുതിയ അധ്യയന വർഷത്തിന്റെ തുടക്കത്തിൽ എല്ലാ വിദ്യാർഥികൾക്കും അധ്യാപകർക്കും സ്കൂൾ അധികൃതർക്കും രക്ഷിതാക്കൾക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ. രാജ്യത്തിന്റെ വിദ്യാഭ്യാസ മുന്നേറ്റത്തിന് കൂടുതൽ കരുത്തേകുന്ന വിജയകരമായ ഒരു അധ്യയന വർഷമാകട്ടെ ഇതെന്ന് ഞാൻ ആശംസിക്കുന്നു’- ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ കുറിച്ചു

രാജ്യത്തിന്റെ ഏറ്റവും വലിയ സമ്പത്ത് കുട്ടികളാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം, അറിവ് നേടാനും ജീവിത നൈപുണ്യങ്ങൾ വികസിപ്പിക്കാനുമുള്ള എല്ലാ അവസരങ്ങളും പരമാവധി പ്രയോജനപ്പെടുത്തണമെന്ന് വിദ്യാർഥികളോട് അഭ്യർത്ഥിച്ചു. വിദ്യാർഥികളിൽ തുടർച്ചയായ പഠനത്തോടുള്ള താല്പര്യം വളർത്തുന്നതിനും ഭാവിയിലേക്ക് ആവശ്യമായ കഴിവുകൾ നേടിയെടുക്കാൻ അവരെ പ്രാപ്തരാക്കുന്നതിനും രക്ഷിതാക്കളും സ്കൂളുകളും തമ്മിൽ ശക്തമായ സഹകരണം വേണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. പാഠപുസ്തക പഠനത്തോടൊപ്പം തന്നെ വിദ്യാർഥികളിൽ മൂല്യബോധവും സ്വന്തം സംസ്കാരത്തെയും വ്യക്തിത്വത്തെയും കുറിച്ചുള്ള അഭിമാനവും വളർത്തിയെടുക്കേണ്ടതിന്റെ പ്രാധാന്യവും യുഎഇ പ്രസിഡന്റ് എടുത്തുപറഞ്ഞു.