420 അപേക്ഷകരിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 21 രാജ്യങ്ങളിൽ നിന്നുള്ള 260ലധികം പ്രാദേശിക, അന്താരാഷ്ട്ര കമ്പനികൾ ഈ വർഷം പ്രദർശനത്തിൽ പങ്കെടുക്കും.
ദോഹ: ഖത്തറിലെയും മേഖലയിലെയും ഫാൽക്കൺ പ്രേമികളുടെ ഉത്സവമായ ‘സുഹൈൽ’ ഫാൽക്കൺ മേളയുടെ ഒമ്പതാമത് പതിപ്പിന് സെപ്റ്റംബർ 10 ന് തുടക്കമാകും. വിവിധ ഇനം ഫാൽക്കൺ പക്ഷികളുടെ പ്രദർശനവും വിൽപനയും ഫാൽക്കൺ വേട്ടക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ പ്രദർശനവുമായി കതാറ കൾചറൽ വില്ലേജ് വേദിയാകുന്ന ‘സുഹൈൽ’ ഫെസ്റ്റിവൽ സെപ്റ്റംബർ 14 വരെ തുടരും.
മുൻവർഷത്തേക്കാൾ വിപുലമായും കൂടുതൽ അന്താരാഷ്ട്ര പങ്കാളിത്തവും ഉറപ്പാക്കിയാണ് കതാറ ഇന്റർനാഷനൽ ഹണ്ടിങ് ആൻഡ് ഫാൽക്കൺസ് എക്സിബിഷന്റെ ഒമ്പതാമത് പതിപ്പ് ഒരുങ്ങുന്നത്. പ്രദർശനസ്ഥലം മുൻ വർഷത്തേക്കാൾ 1,500 ചതുരശ്ര മീറ്റർ കൂടി കൂട്ടിച്ചേർത്ത് മൊത്തം 15,000 ചതുരശ്ര മീറ്ററായി വികസിപ്പിക്കും. മേളയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രദർശനമായിരിക്കും ഇത്തവണത്തേതെന്ന് എക്സിബിഷൻ മാനേജർ അബ്ദുൽ അസീസ് അൽ ബുഹാഷാം അൽ സയീദ് പറഞ്ഞു.
420 അപേക്ഷകരിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട 21 രാജ്യങ്ങളിൽ നിന്നുള്ള 260ലധികം പ്രാദേശിക, അന്താരാഷ്ട്ര കമ്പനികൾ ഈ വർഷം പ്രദർശനത്തിൽ പങ്കെടുക്കും. ഇത്തവണ ആദ്യമായി അയർലൻഡ്, ഹംഗറി, റഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള സ്റ്റാളുകളും പ്രദർശനത്തിന് ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, സ്പെയിനിൽ നിന്നുള്ള പ്രത്യേക പവലിയനും ഇത്തവണത്തെ പ്രത്യേകതയാണ്. യു.എ.ഇ ഫാൽക്കൺ ക്ലബ്, സൗദി അറേബ്യയിലെ റിസർവുകൾ എന്നിവ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളിൽ നിന്നും ശ്രദ്ധേയമായ പങ്കാളിത്തം ഉണ്ടാകും.
അറബ് ലോകത്തെ വിലയേറിയ, വ്യത്യസ്ത ഇനം ഫാൽക്കണുകളുടെ പ്രദർശനത്തിന് പുറമെ ഫാൽക്കണുകളെ സ്വന്തമാക്കാൻ വേണ്ടിയുള്ള വാശിയേറിയ ലേലവും മേളയുടെ പ്രധാന ആകർഷണമാണ്. ലക്ഷങ്ങൾ നൽകി അപൂർവ ഇനം ഫാൽക്കണുകളെ സ്വന്തമാക്കാൻ അറബ് മേഖലയിൽ നിന്ന് മാത്രമല്ല ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഫാൽക്കൺ പ്രേമികളും മേളയിലെത്തും. പ്രദർശനത്തിന് പുറമെ വേട്ടയുമായി ബന്ധപ്പെട്ട ഉപകരണങ്ങൾ, വാഹനങ്ങൾ, ആയുധങ്ങൾ, സാങ്കേതിക വിദ്യകൾ എന്നിവയുടെ പ്രത്യേക വിൽപന സ്റ്റാളുകളും ഉണ്ടാകും. പുതു തലമുറയ്ക്കായി ഫാൽക്കണുകളുടെ പരിപാലനം സംബന്ധിച്ച് ബോധവൽക്കരണ ശിൽപശാലകളും ഉണ്ടാകും. 2017 മുതലാണ് കതാറ കൾചറൽ വില്ലേജിന്റെ നേതൃത്വത്തിൽ 'സുഹൈൽ' ഫാൽക്കൺ മേള ആരംഭിച്ചത്.
