മസ്കറ്റ്: ദേശീയ ദിനത്തോടനുബന്ധിച്ച് 332 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവിട്ട് ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സൈദ്. ഒമാന്‍റെ 49ാം ദേശീയ ദിനത്തോട് അനുബന്ധിച്ചാണ് പ്രഖ്യാപനം. വിവിധ കേസുകളില്‍ ശിക്ഷിക്കപ്പെട്ടിട്ടുള്ള 332 പേര്‍ക്കാണ് മോചനത്തിന് അവസരമൊരുങ്ങുന്നത്. മോചിപ്പിക്കുന്നതില്‍ 142പേര്‍ പ്രവാസികളാണെന്ന് റോയൽ ഒമാൻ പോലീസ് വ്യക്തമാക്കി.

നേരത്തെ ദേശീയ ദിനം പ്രമാണിച്ച് ഒമാനില്‍ അവധി പ്രഖ്യാപിച്ചിരുന്നു. പൊതു സ്ഥാപനങ്ങള്‍ക്കും സ്വകാര്യസ്ഥാപനങ്ങള്‍ക്കും അടക്കമാണ് അവധി പ്രഖ്യാപിച്ചത്. നവംബര്‍ 27നും നവംബര്‍ 28നുമാണ് അവധി പ്രഖ്യാപിച്ചത്. നവംബര്‍ 30വരെയാണ് ദേശീയ ദിനാഘോഷങ്ങള്‍ നടക്കുക.