വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു

മസ്‍കത്ത്: പണം നല്‍കാത്തതിന്റെ പേരില്‍ ഒരു പെണ്‍കുട്ടിയുടെ മൃതദേഹം തടഞ്ഞുവെച്ചെന്ന ആരോപണങ്ങള്‍ നിഷേധിച്ച് ഒമാനിലെ സുല്‍ത്താന്‍ ഖാബൂസ് യൂണിവേഴ്‍സിറ്റി ആശുപത്രി. ഇത് സംബന്ധിച്ച് വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു.

'ആശുപത്രിയില്‍ നല്‍കാനുള്ള പണം നല്‍കാത്തതിന്റെ പേരില്‍ ഒരു പെണ്‍കുട്ടിയുടെ മൃതദേഹം കൈമാറാന്‍ ആശുപത്രി അഡ്‍മിനിസ്‍ട്രേഷന്‍ വിസമ്മതിച്ചുവെന്ന തരത്തില്‍ ചില സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്ന വാര്‍ത്തകള്‍ ശരിയല്ല. പെണ്‍കുട്ടി മരണപ്പെട്ട ദിവസം തന്നെ മൃതദേഹം കുടുംബത്തിന് കൈമാറിയിരുന്നു' എന്നാണ് സുല്‍ത്താന്‍ ഖാബൂസ് യൂണിവേഴ്‍സിറ്റി ആശുപത്രി പുറത്തിറക്കിയ ഔദ്യോഗിക അറിയിപ്പില്‍ പറയുന്നത്. ഇത്തരം പ്രചരണങ്ങളുടെ സത്യാവസ്ഥയും കൃത്യതയും എല്ലാവരും മനസിലാക്കണമെന്നും രോഗിയുടെ സ്വകാര്യത മാനിക്കണമെന്നും അധികൃതര്‍ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.