ദില്ലി: ഒന്നാം മോദി സര്‍ക്കാറില്‍ വിദേശകാര്യ മന്ത്രായായിരുന്ന സുഷമസ്വരാജ് ലോകമെമ്പാടുമുള്ള ഇന്ത്യക്കാരുടെ ആശ്രയമായിരുന്നു. രാഷ്ട്രീയ നേതാവിനൊപ്പം നല്ലൊരു മനുഷ്യസ്നേഹി കൂടിയായിരുന്നു അവര്‍. സാധാരണക്കാരുടെ പ്രശ്നങ്ങളിൽ വേഗത്തിൽ പരിഹാരം ഉണ്ടാക്കാൻ ശ്രമിച്ചു. സമൂഹ മാധ്യമങ്ങളിലൂടെയായിരുന്നു പല തീരുമാനങ്ങളും സുഷമസ്വരാജ് പ്രഖ്യാപിച്ചത്. ഇസ്ലാമിക് സ്റ്റേറ്റിന്റെ പിടിയിലായ കേരളത്തിലെ നഴ്സുമാരെ രക്ഷപ്പെടുത്തുന്നതിലും സുഷമസ്വരാജിന്റെ പങ്ക് വളരെ വലുതായിരുന്നു.

'സൂപ്പര്‍മോം' എന്നായിരുന്നു സുഷമസ്വരാജിനെ വാഷിംഗ്ടണ്‍ പോസ്റ്റ് വിശേഷിപ്പിച്ചത്. അങ്ങനെ തന്നെയായിരുന്നു അവരുടെ ശൈലിയും തീരുമാനങ്ങളും.  2017ൽ പാക്കിസ്ഥാനി പെണ്‍കുട്ടിക്ക് ഹൃദയശസത്രക്കായി ഒരു വര്‍ഷത്തെ മെഡിക്കൽ വിസ നൽകിയതടക്കം വിദേശകാര്യ മന്ത്രിയായിരിക്കെ സ്വീകരിച്ച നിലപാടുകള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. നേരത്തെ ദില്ലി മുഖ്യമന്ത്രിയും വാജ്പേയി മന്ത്രിസഭയിൽ കേന്ദ്ര മന്ത്രിയുമൊക്കെ ആയിട്ടുണ്ടെങ്കിലും ഏറ്റവും ശ്രദ്ധിക്കപ്പെട്ടതും ജനപ്രീതി നേടിയതും ഒന്നാം മോദി സര്‍ക്കാരിൽ വിദേശകാര്യ മന്ത്രിയായ കാലത്തുതന്നെയാണ്. ട്വിറ്ററില്‍ സജീവമായിരുന്ന അവര്‍ ലോകമെമ്പാടുമുള്ള ഇന്ത്യക്കാര്‍ക്ക് പറയാനുള്ളത് കേള്‍ക്കാനും പരിഹാരമുണ്ടാക്കാനും ശ്രമിച്ചു.

ട്വിറ്റര്‍ വഴി ആര് എന്ത് പരാതി നൽകിയാലും അപ്പോൾ തന്നെ മറുപടി നൽകുമായിരുന്നു. ദിവസങ്ങൾക്കുള്ളില്‍ അക്കാര്യത്തില്‍ തീരുമാനവുമുണ്ടാകും. ഹൃദയ ശസ്ത്രക്രിയക്ക് ഇന്ത്യയിലേക്ക് വരാന്‍ വിസ ലഭിക്കാതിരുന്ന പാകിസ്ഥാന്‍ ബാലികയുടെ കുടുംബം ട്വിറ്ററിലൂടെ അഭ്യര്‍ത്ഥന നടത്തിയപ്പോള്‍ സുഷമ സ്വരാജ് ഉടന്‍ ഇടപെട്ട് തീരുമാനമുണ്ടാക്കി. ഇറാനിൽ കുടുങ്ങിയ 168 ഇന്ത്യക്കാരുടെ മോചനവും ട്വിറ്റര്‍ വഴിയെത്തിയ സന്ദേശത്തെ തുടര്‍ന്നായിരുന്നു. കൂട്ടത്തില്‍ ഒരാള്‍ അയച്ച വീഡിയോ സന്ദേശമാണ് അന്ന് കേന്ദ്ര സര്‍ക്കാറിന്റെ അടിയന്തര ശ്രദ്ധക്ഷണിച്ചത്.  യമനിൽ നിന്ന് എട്ട് വയസുകാരനെയും അമ്മയെയും രക്ഷിച്ചതടക്കമുള്ള നീക്കങ്ങളും ഐ.എസ്.ഭീകരര്‍ തടവിലാക്കിയ 46 മലയാളി നഴ്സുമാരെ മോചിപ്പിക്കാനായതും വിദേശകാര്യമന്ത്രിയെന്ന നിലയിൽ വലിയ നേട്ടമായി. 

പ്രവാസികൾ ജയിലിലാകുമ്പോഴും അടിയന്തിര സഹായം ആവശ്യമായിവരുമ്പോഴും ഒരു ട്വീറ്റിന് അകലെ സുഷമ ഉണ്ടായിരുന്നു. വിസ തട്ടിപ്പുകള്‍ക്കിരായിയ ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങിയ ഒട്ടേറെ മലയാളികളും സ്‍പോണ്‍സര്‍മാരുടെ പീഡനം സഹിക്കാനാവാതെ സഹായം തേടിയവരുമൊക്കെ സുഷമ സ്വരാജിന്റെ സമയോചിതമായ ഇടപെടലുകളുടെ ഫലമായി നാട്ടിലേക്ക് തിരിച്ചെത്തി. ഇന്ത്യക്കാര്‍ ലോകത്ത് എവിടെയാണെങ്കിലും രാജ്യം ഒപ്പമുണ്ടെന്ന ധൈര്യമാണ് പ്രവാസികള്‍ക്ക് സുഷമ സ്വരാജ് പകര്‍ന്നുനല്‍കിയത്. ഒന്നാം മോദി സര്‍ക്കാരിൽ വിദേശകാര്യ മന്ത്രാലയത്തിന് മനുഷിക മുഖം നൽകിയ സുഷമ സ്വരാജ് എന്നും പ്രവാസികളുടെ ജനപ്രിയ മന്ത്രിയായി തന്നെ  ഓര്‍മിക്കപ്പെടും.