ഉപഭോക്തൃ സംരക്ഷണ നിയമം ലംഘിച്ചതിന് ഒരാഴ്ചത്തേക്ക് തലബാത്ത് ഡെലിവറി സേവനങ്ങള്‍ക്ക് രാജ്യത്ത് വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതിന് ശേഷമാണ് ഇപ്പോള്‍ തലബാത്തിന്റെ സേവനങ്ങള്‍ പുനഃരാരംഭിച്ചത്.
ദോഹ: ഖത്തറില്‍ ഉപഭോക്തൃ സംരക്ഷണ നിയമം ലംഘിച്ചതിനെ തുടർന്ന് വാണിജ്യ, വ്യവസായ മന്ത്രാലയം താല്‍ക്കാലികമായി അടപ്പിച്ച ഭക്ഷ്യ വിതരണ പ്ലാറ്റ്ഫോമായ തലബാത്തിന്റെ സേവനങ്ങള്‍ പുനഃരാരംഭിച്ചു. ഉപഭോക്തൃ സംരക്ഷണ നിയമം ലംഘിച്ചതിന് ഒരാഴ്ചത്തേക്കാണ് തലബാത്ത് ഡെലിവറി സേവനങ്ങള്‍ക്ക് രാജ്യത്ത് വിലക്കേര്‍പ്പെടുത്തിയിരുന്നത്.
മന്ത്രാലയം ആവശ്യപ്പെട്ട തിരുത്തൽ നടപടികൾ കമ്പനി പൂര്‍ണമായി പാലിച്ചതായി മന്ത്രാലയം വ്യക്തമാക്കി. നടപടികളുടെ ഭാഗമായി നിയമലംഘനങ്ങള്‍ക്ക് 11.4 ലക്ഷം ഖത്തർ റിയാൽ പിഴ ചുമത്തിയിരുന്നു. 2008 ലെ ഉപഭോക്തൃ സംരക്ഷണം സംബന്ധിച്ച എട്ടാം നമ്പർ നിയമത്തിലെയും അതിന്റെ എക്സിക്യൂട്ടിവ് റെഗുലേഷൻസിലെയും ആർട്ടിക്കിൾ 7, 11 എന്നിവ ലംഘിച്ചതായി കണ്ടെത്തിയതിനെ തുടർന്നായിരുന്നു തലബാത്തിനെതിരെ നടപടി സ്വീകരിച്ചത്.
തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ വിവരങ്ങള്‍ ഉപയോഗിച്ച് ഉല്‍പ്പന്നങ്ങള്‍ ആപ്പില്‍ പ്രദര്‍ശിപ്പിച്ചതും, അന്യായമായി പണം ഈടാക്കുക, ഉപഭോക്താക്കൾക്കുള്ള സേവനങ്ങൾ ഉറപ്പുവരുത്താതിരിക്കുക എന്നിവ ഉള്‍പ്പെടെയുള്ള പരാതികൾ സ്ഥാപനത്തിനെതിരെ ഉയർന്നിരുന്നു.
