ഒരു വര്‍ഷത്തോളമായി അഫ്ഗാനിൽ തടവിലാക്കപ്പെട്ട യു എസ് പൗരനെ വിട്ടയച്ച് താലിബാൻ ഭരണകൂടം. ഖത്തറിന്‍റെ മധ്യസ്ഥതയിൽ നടത്തിയ ചർച്ചകളെ തുടർന്നാണ് മോചനം. യു.എസ് പ്രതിനിധി സംഘത്തിന്റെ അഫ്ഗാൻ സന്ദർശനത്തിന് പിന്നാലെയാണ് യു.എസ് പൗരനെ താലിബാൻ വിട്ടയച്ചത്.

ദോഹ: ഖത്തറിന്‍റെ മധ്യസ്ഥതയിൽ നടത്തിയ ചർച്ചകളെ തുടർന്ന് ഒരു വർഷത്തോളമായി അഫ്ഗാനിൽ ജയിലിൽ കഴിഞ്ഞിരുന്ന അമേരിക്കൻ പൗരനെ വിട്ടയച്ച് താലിബാൻ ഭരണകൂടം. 2024 ഡിസംബർ മുതൽ അഫ്ഗാനിസ്ഥാനിൽ തടങ്കലിൽ കഴിയുകയായിരുന്ന അമീർ അമീരിയെയാണ് ഖത്തർ നടത്തിയ നയതന്ത്ര ശ്രമങ്ങൾക്കും നിരന്തര ചർച്ചകൾക്കുമൊടുവിൽ മോചിപ്പിച്ചത്.

യു.എസ് പ്രതിനിധി സംഘത്തിന്റെ അഫ്ഗാൻ സന്ദർശനത്തിന് പിന്നാലെയാണ് യു.എസ് പൗരനെ താലിബാൻ വിട്ടയച്ചത്. അമീർ അമീരിയുടെ മോചനത്തിനായി അഫ്ഗാനിലെ താലിബാൻ ഭരണകൂടവും അമേരിക്കയും തമ്മിലുള്ള ചർച്ചകൾക്ക് മധ്യസ്ഥത വഹിച്ചത് ഖത്തറായിരുന്നു. ഖത്തറിന്റെ മധ്യസ്ഥതയിൽ ഈ വർഷം താലിബാൻ മോചിപ്പിച്ച അഞ്ചാമത്തെ യു.എസ് പൗരനാണ് അമീരി. കഴിഞ്ഞ ഒരാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് ഖത്തറിന്റെ മധ്യസ്ഥശ്രമം വിജയം കാണുന്നത്. ഇക്കഴിഞ്ഞ സെപ്റ്റംബർ 20ന് ഒരു ബ്രിട്ടീഷ് ദമ്പതികളെയും താലിബാൻ വിട്ടയച്ചിരുന്നു. മാസങ്ങളോളം ജയിലിൽ കിടന്ന ബ്രിട്ടീഷ് ദമ്പതികളെ ഖത്തർ മുൻകൈയ്യെടുത്താണ് മോചിപ്പിച്ചത്.

ജയിൽ മോചിതനായ അമീർ അമീരി ദോഹയിലെത്തിയ ശേഷം സ്വന്തം രാജ്യത്തേക്ക് മടങ്ങുമെന്ന് ഖത്തർ വിദേശകാര്യ സഹമന്ത്രി ഡോ. മുഹമ്മദ് ബിൻ അബ്ദുൽ അസീസ് ബിൻ സാലിഹ് അൽ ഖുലൈഫി അറിയിച്ചു. മേഖലയിലെ സംഘർഷങ്ങൾ, തർക്കങ്ങൾ, സങ്കീർണമായ അന്താരാഷ്ട്ര പ്രശ്നങ്ങൾ എന്നിവ സമാധാനപരമായി പരിഹരിക്കാനുള്ള മധ്യസ്ഥ ശ്രമങ്ങൾ ഖത്തർ തുടരുമെന്ന് വിദേശകാര്യ സഹമന്ത്രി വ്യക്തമാക്കി. അമീരിയുടെ മോചനത്തിനായി സജീവ ഇടപെടൽ നടത്തിയ ഖത്തറിന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ നന്ദി അറിയിച്ചു.