അബുദാബി: വാട്സ്ആപും ഫേസ്‍ടൈമും അടക്കം ചില വോയിസ് ഓവര്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് യുഎഇയില്‍ നിലനില്‍ക്കുന്ന വിലക്ക് നീക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായി യുഎഇ സൈബര്‍ സെക്യൂരിറ്റി തലവന്‍ അറിയിച്ചു. ഞായറാഴ്‍ച ജി.സി.സി സൈബര്‍ സെക്യൂരിറ്റി കോണ്‍ഫറന്‍സില്‍ വെച്ചാണ് യുഎഇ സര്‍ക്കാറിന്റെ സൈബര്‍ സെക്യൂരിറ്റി വിഭാഗം തലവന്‍ മുഹമ്മദ് അല്‍ കുവൈത്തി ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് അല്‍ അറബിയ റിപ്പോര്‍ട്ട് ചെയ്‍തു.

പരീക്ഷണാടിസ്ഥാനത്തില്‍ വാട്സ്ആപിന്റെ വിലക്ക് പരിമിത കാലത്തേക്ക് നീക്കിയിരുന്നതായും അദ്ദേഹം പറഞ്ഞു. ഇത്തരം സേവനങ്ങള്‍ക്കുള്ള വിലക്ക് നീക്കുന്നതിന് മുന്നോടിയായി ചില നടപടിക്രമങ്ങള്‍ കൂടി പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും ഇക്കാര്യങ്ങള്‍ പുരോഗമിക്കുകയാണെന്നുമാണ് അദ്ദേഹം അറിയിച്ചത്. എന്നാല്‍ ഇതിന്റെ വിശദാംശങ്ങള്‍ അദ്ദേഹം വെളിപ്പെടുത്തിയില്ല.

അതേസമയം മൈക്രോസോഫ്റ്റ് ടീംസ്, സൂം, സ്കൈപ്പ് തുടങ്ങിയവ ഇപ്പോള്‍ വിദൂര വിദ്യാഭ്യാസത്തിനും ജോലിക്കും വേണ്ടി രാജ്യത്ത് ഉപയോഗപ്പെടുത്തുന്നുണ്ട്. എന്നാല്‍ വാട്സ്ആപ്, ഫേസ്‍ടൈം തുടങ്ങിയവയുടെ ഓഡിയോ, വീഡിയോ കോളുകള്‍ക്കുള്ള വിലക്ക് അതേപടി നിലനില്‍ക്കുകയുമാണ്.