അല്‍ഐന്‍: യുഎഇയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളക്കെട്ടില്‍ കുടുങ്ങിപ്പോയ പത്തുപേരെ പൊലീസ് രക്ഷിച്ചു. കഴിഞ്ഞ ദിവസം അല്‍ ഐനിലെ വാദി സാഇലായിരുന്നു സംഭവം. ഇവിടെ മഴക്കാലം ആസ്വദിക്കാനെത്തിയ സ്വദേശികളാണ് അപകടത്തില്‍ പെട്ടതെന്ന് പൊലീസ് അറിയിച്ചു.

സഹായാഭ്യാര്‍ത്ഥന ലഭിച്ചതനുസരിച്ച് കുതിച്ചെത്തിയ പൊലീസ് സംഘം ഇവരെ രക്ഷപെടുത്തി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. മതിയായ വൈദ്യ സഹായവും മറ്റ് സൗകര്യങ്ങളും ഇവര്‍ക്ക് നല്‍കിയതായും അബുദാബി പൊലീസ് അറിയിച്ചു.  മോശം കാലാവസ്ഥയുള്ള സമയങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ അതീവജാഗ്രത പുലര്‍ത്തണമെന്ന് പൊലീസ് അഭ്യര്‍ത്ഥിച്ചു. വെള്ളം നിറയുന്ന സ്ഥലങ്ങള്‍ ഒഴിവാക്കണം. ഓരോ സമയങ്ങളിലും അധികൃതര്‍ നല്‍കുന്ന കാലാവസ്ഥാ മുന്നറിയിപ്പുകള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.