ഷാര്‍ജ: നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തില്‍ നിന്ന് പവര്‍ കേബിളുകളും ഇലക്ട്രിസിറ്റി മെറ്റീരിയലുകളും മോഷ്ടിക്കാന്‍ കമ്പനി ഏര്‍പ്പെടുത്തിയ മൂന്ന് ജീവനക്കാരെ ഷാര്‍ജ പൊലീസ് അറസ്റ്റ് ചെയ്തു. ഏഷ്യക്കാരാണ് അറസ്റ്റിലായ മൂന്ന് പേരും. 

നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലേക്ക് വൈദ്യുതി ഉപകരണങ്ങള്‍ നല്‍കുന്നത് ഇവര്‍ ജോലി ചെയ്യുന്ന കമ്പനിയായിരുന്നു. ഉപകരണങ്ങള്‍ നല്‍കുന്ന കെട്ടിടഭങ്ങളില്‍ നിന്നെല്ലാം ജീവനക്കാരെക്കൊണ്ട് ഈ കമ്പനി മോഷണം നടത്തിക്കുന്നത് പതിവാണ്. 

കമ്പനിയാണ് തങ്ങളെ മോഷണ ത്തിന് ചുമതലപ്പെടുത്തിയതെന്ന്  പിടിയിലായ മൂന്ന് പേരും പൊലീസിനോട് പറഞ്ഞു. മോഷണത്തെക്കുറിച്ച് ഉടമസ്ഥര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടില്ലെങ്കിലും കവര്‍ച്ചാ റാക്കറ്റിനെ പൊളിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. 

നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിന് സമീപത്തുനിന്ന് സംശയാസ്പദമായ രീതിയിലാണ് മൂന്ന് പേരെയും പൊലീസ് പിടികൂടുന്നത്. പ്രതികളിലൊരാളുടെ കയ്യില്‍ വലിയ ബാഗ് ഉണ്ടായിരുന്നു. ഇവരെ പൊലീസ് സ്റ്റേഷനിലെത്തിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തതോടെയാണ് കവര്‍ച്ച പുറത്തുവന്നത്. ഏറെ കാലമായി ഇവര്‍ കവര്‍ച്ച തുടര്‍ന്ന് വരികയായിരുന്നു. ഉടമകള്‍ പൊലീസില്‍ പരാതിപ്പെടുന്നതിന് പകരം കമ്പനിയില്‍ നിന്ന് വീണ്ടും വീണ്ടും നിര്‍മ്മാണത്തിനാവശ്യമായ വസ്തുക്കള്‍ വാങ്ങുകയായിരുന്നു. 

നിര്‍മ്മാണത്തിനായി സാധനങ്ങല്‍ വാങ്ങുന്ന കമ്പനിയെക്കുറിച്ചും ജീവനക്കാരെക്കുറിച്ചും വിശദമായ പഠനം നടത്താനും വസ്തുക്കള്‍ സൂക്ഷിക്കുന്ന ഇടങ്ങളില്‍ കാവല്‍ക്കാരെ ഏറെപ്പെടുത്താനും പൊലീസ് ഉടമകളോട് ആവശ്യപ്പെട്ടു. ഇത്തരം ചതിക്കുഴികളില്‍ വീഴാതിരിക്കാന്‍ ശ്രദ്ധാപൂര്‍വ്വം പ്രവര്‍ത്തിക്കാനും നിര്‍ദ്ദേശിച്ചു.