സൗദിയില്‍ വൈദ്യുതി ബില്ല് ഇനി യഥാര്‍ത്ഥ ഉപഭോക്താവിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്യാം. വരുന്ന ജനുവരി ഒന്നു മുതല്‍ യഥാര്‍ത്ഥ ഉപഭോക്താവിന്റെ പേരില്‍ വൈദ്യുതി ബില്ല് നല്‍കാനാണ് സൗദി ഇലക്ട്രിസിറ്റി കമ്പനിയുടെ തീരുമാനം.

റിയാദ്: സൗദിയില്‍ വൈദ്യുതി ബില്ല് ഇനി യഥാര്‍ത്ഥ ഉപഭോക്താവിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്യാം. വരുന്ന ജനുവരി ഒന്നു മുതല്‍ യഥാര്‍ത്ഥ ഉപഭോക്താവിന്റെ പേരില്‍ വൈദ്യുതി ബില്ല് നല്‍കാനാണ് സൗദി ഇലക്ട്രിസിറ്റി കമ്പനിയുടെ തീരുമാനം. ഇതിനു മുന്നോടിയായി ഉപഭോക്താക്കളുടെ വിവരങ്ങള്‍ പുതുക്കാനുള്ള പദ്ധതിക്ക് സൗദി തുടക്കം കുറിച്ചു.

നിലവില്‍ കെട്ടിട ഉടമകളുടെ പേരിലാണ് സൗദിയില്‍ വൈദ്യുതി ബില്ല് വിതരണം ചെയ്യുന്നത്. ഇതിനു പകരം വാടകക്കാര്‍ അടക്കമുള്ള യഥാര്‍ത്ഥ ഉപഭോക്താക്കളുടെ പേരില്‍ ബില്ല് നല്‍കാനാണ് പുതിയ തീരുമാനം. മൂന്നു ഘട്ടമായാണ് ഇത് നടപ്പിലാക്കുക. ആദ്യ ഘട്ടത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ പുതുക്കുകയാണ് ചെയ്യുന്നത്. ഇത് ഈ മാസം അവസാനം വരെ തുടരും.

അടുത്ത ഘട്ടത്തില്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ പുതുക്കുന്ന സേവനം ഔദ്യോഗികമായി നടപ്പിലാക്കും. ഇത് ഡിസംബര്‍ ഒന്ന് മുതല്‍ 31 വരെ തുടരും. മൂന്നാം ഘട്ടം ജനുവരി ഒന്നിനാണ് ആരംഭിക്കുക. ജനുവരി ഒന്നുമുതല്‍ ആദ്യ ബില്ല് അടയ്ക്കേണ്ട സമയത്തിന് മുന്‍പായി വിവരങ്ങള്‍ പുതുക്കാത്ത ഉപഭോക്താക്കള്‍ക്ക് വൈദ്യതി സേവനം വിലക്കും.

ഗാര്‍ഹിക, വ്യാവസായിക, വിദ്യാഭ്യാസ മേഘാലയടക്കമുള്ള എല്ലാ ഉപഭോക്താക്കളും വിവരങ്ങള്‍ പുതുക്കണമെന്നുള്ളത് നിര്‍ബന്ധമാണ്. ഇതില്‍ സ്വദേശികളും വിദേശികളും വിസിറ്റ് വിസയില്‍ എത്തുന്നവരും ഉള്‍പ്പെടും.