2023 സെപ്റ്റംബറിലാണ് സൗദി കിരീടാവകാശി റിയാദ് ആസ്ഥാനമായി ലോക ജല സംഘടന സ്ഥാപിച്ചതായി പ്രഖ്യാപിച്ചത്

റിയാദ്: സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെ നേതൃത്വത്തിൽ ലോക ജല സംഘടനയുടെ ആസ്ഥാനം റിയാദിൽ പ്രവർത്തനം ആരംഭിച്ചു. അംഗ രാജ്യങ്ങൾ ലോക ജല ചാർട്ടറിൽ ഒപ്പുവെച്ചു. റിയാദിലാണ് ഒപ്പുവെക്കൽ ചടങ്ങ് നടന്നത്. ഇതോടെ അന്തർദേശീയ പങ്കാളിത്തത്തോടെ സംഘടനയുടെ പ്രവർത്തനങ്ങൾക്ക് സൗദിയിൽ തുടക്കം കുറിച്ചു. വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ പങ്കെടുത്ത പരിപാടിയിൽ പ്രാദേശികവും അന്തർദേശീയവുമായ വിപുലമായ പങ്കാളിത്തം ഉണ്ടായി. അന്താരാഷ്ട്ര ജല സംഘടനയിൽ ചേരുന്നതിനുള്ള ചാർട്ടറിൽ അംഗരാജ്യങ്ങൾ ഒപ്പുവെച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ആഗോള ജല പ്രശ്നങ്ങൾ സമഗ്രമായ രീതിയിൽ പരിഹരിക്കുന്നതിൽ അന്താരാഷ്ട്ര ജല സംഘടനയുടെ പ്രാധാന്യവും പൊതുലക്ഷ്യങ്ങളെ പിന്തുണക്കുന്നതിനും കൈവരിക്കുന്നതിനും കൂട്ടായ നടപടിയുടെ ആവശ്യകതയും വിദേശകാര്യ മന്ത്രി എടുത്തുപറഞ്ഞു. അടുത്ത അഞ്ച് വർഷത്തേക്ക് സാമ്പത്തികവും ലോജിസ്റ്റിക്കൽ പിന്തുണയും നൽകി സംഘടനയുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി സൗദി പങ്കാളികളുമായി ചേർന്ന് പ്രവർത്തിക്കുന്നത് തുടരുമെന്ന് വിദേശകാര്യ മന്ത്രി സ്ഥിരീകരിച്ചു.

ചടങ്ങിൽ ലോക ജല സംഘടനയുടെ സ്ഥാപക രാജ്യങ്ങളായ സൗദി, കുവൈത്ത്, ഖത്തർ, സ്പെയിൻ, ഗ്രീസ്, സെനഗൽ, പാകിസ്ഥാൻ, മൗറിതാനിയ പ്രതിനിധികൾ പങ്കെടുക്കുകയും ചാർട്ടറിൽ ഒപ്പുവെക്കുകയും ചെയ്തു. ചടങ്ങിൽ സംഘടനയുടെ ലക്ഷ്യങ്ങളും മുൻഗണനകളും വിശദീകരിക്കുന്ന ഒരു ദൃശ്യാവതരണവും നടന്നു. 2023 സെപ്റ്റംബറിലാണ് കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ റിയാദ് ആസ്ഥാനമായി സൗദി അറേബ്യ ലോക ജല സംഘടന സ്ഥാപിച്ചതായി പ്രഖ്യാപിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം