റിയാദ്: 'മെസ്യേ നിലമ്പൂർന്നാടാ.. .മെസ്യേ എടക്കരന്നാടാ...’ എന്ന് സൗദി അറേബ്യയിലെ ഫുട്ബാൾ സ്റ്റേഡിയത്തിലെ ഗാലറികളിൽ നിന്ന് തനി 'മലപ്രം' മലയാളത്തിൽ ആരവമുയർത്തിയത് സോഷ്യൽ മീഡിയയില്‍ വലിയ തരംഗമാണ് തീര്‍ത്തത്. കളികഴിഞ്ഞിട്ടും ശമനമില്ലാതെ അലയടിക്കുന്ന ആ വൈറൽ ആർപ്പുവിളികളുടെ പിന്നിലെ മെസി ആരാധകരായ യുവാക്കളെ പ്രവാസി മലയാളികള്‍ ഒരുപാട് പേര്‍ തേടിയിരുന്നു. 

നിലമ്പൂരിൽ നിന്നും എടക്കരയിൽ നിന്നും വന്ന് സൗദി അറേബ്യയിൽ എൻജിനീയറിങ് പണി മുതൽ വ്യാപാരം വരെ നടത്തുന്ന നല്ല ഒന്നാംതരം കളിപ്രേമികളാണ് ഇവര്‍. പ്രവാസികളായ എടക്കര സ്വദേശി ആസിഫ്, കൂരാട് സ്വദേശി റംസിൽ, സാബിക് നസീം, ജുനൈദ്, സഫ്‌വാൻ മാനു, ഷാജഹാൻ പാർലി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ആരവങ്ങളുയര്‍ത്തി ലോകമെങ്ങുമുള്ള അര്‍ജന്‍റീനിയന്‍ ആരാധകരുടെ ഹൃദയം കവര്‍ന്നത്.

കഴിഞ്ഞ വെള്ളിയാഴ്ച റിയാദിലെ കിങ് സഊദ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ മുഴങ്ങിയ മലയാളി കളിഭ്രാന്തന്മാരുടെ ആർപ്പുവിളികൾ അന്ന് തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. കോപ്പ അമേരിക്ക ടൂര്‍ണമെന്‍റിന് ശേഷം വിലക്ക് നേരിട്ട മെസിയുടെ അര്‍ജന്‍റീന ജേഴ്സിയിലേക്കുള്ള തിരിച്ചുവരവ് ഉഗ്രനാക്കിയ ബ്രസീലിനെതിരെയുള്ള സൗഹൃദ മത്സരം കാണാൻ സ്റ്റേഡിയം നിറഞ്ഞിരുന്നു.

വലിയ വില കൊടുത്ത് ടിക്കറ്റെടുത്ത് ഗാലറിയിലെ 25000 ഇരിപ്പിടങ്ങളിൽ പകുതിയും നിറച്ചത് മലയാളികളായിരുന്നു. ചിരവൈരികളെ എതില്ലാത്ത ഒരു ഗോളിന് തകർത്ത് സൗദി മണ്ണിൽ ചരിത്രം കുറിച്ച അർജന്‍റീനയ്ക്ക് ഇതൊരു മധുര പകരം വീട്ടൽ കൂടിയായപ്പോൾ ഒരുരക്ഷയുമില്ലാത്ത അർജൻറീനിയൻ ഫാൻസ് ഗാലറിയെ പ്രകമ്പനം കൊള്ളിച്ചു. അറബിയിൽ മാത്രമല്ല മലയാളത്തിലും ആർപ്പുവിളികൾ മുഴങ്ങി.

മഞ്ഞപ്പടയില്‍ നിന്ന് തന്നെ മുമ്പ് സൗദിയിൽ വെച്ച് പരാജയം ഏറ്റുവാങ്ങേണ്ടി വന്ന നീലപ്പടയ്ക്ക് ഇത് മധുരമുള്ള ഒരു പകരം വീട്ടൽ കൂടിയായപ്പോൾ അർജന്‍റീനയുടെയും മെസിയുടെയും ആരാധകകൂട്ടം ഗാലറികൾ നിറഞ്ഞാടുകയായിരുന്നു. മെസിയോടുള്ള ആരാധന മൂത്ത് വിളിച്ചാർത്തതാണ് ‘മെസ്യേ നിലമ്പൂർന്നാടാ... മെസ്യേ എടക്കരന്നാടാ...’ എന്നൊക്കെ. ഇതിന്‍റെ വീഡിയോ, ഓഡിയോ ക്ലിപ്പുകളാണ് രണ്ട് ദിവസത്തിന് ശേഷവും സമൂഹമാധ്യമങ്ങളിൽ വൈറലായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

"

ബാനറുകളും കൊടികളും ആരവങ്ങളുമായി ഗാലറി കൈയ്യടക്കിയ മലയാളികൾ മലപ്പുറത്തെ നാട്ടിൻപുറത്തുള്ള മൈതാനങ്ങളിൽ പതിവായ അതേ ബഹളങ്ങളും ആഹ്ളാദാരവങ്ങളും ഉയര്‍ത്തുന്നവര്‍ തന്നെയാണ്. മെസിയെ തൊട്ട് മുന്നിൽ കണ്ടപ്പോൾ മല്ലു ആരാധകരുടെ ആവേശം അണപൊട്ടുകയായിരുന്നു.

ഗാലറി ഇളകി മറിഞ്ഞു. ലോകത്തെവിടെയായാലും ഫുട്ബാൾ ജീവനാണ് മലപ്പുറത്തുകാർക്കെന്ന് ഒരിക്കൽ കൂടി തെളിയിക്കുന്നതായി ഈ ആരവങ്ങൾ. ഇങ്ങനെയൊരു ടൂർണമെൻറ് നേരിൽ കാണാൻ കഴിഞ്ഞതിൽ സൗദി ഭരണാധികാരികൾക്ക് നന്ദി അറിയിച്ചുകൊണ്ടുള്ള ബാനറുകളും ഇവർ ഉയർത്തിയിരുന്നു.