ഹജ്ജ് തീർഥാടകരല്ലാത്തവർക്ക് മക്കയിലും പുണ്യസ്ഥലങ്ങളിലും ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളെല്ലാം ഒഴിവാക്കി

റിയാദ്: ഈ വർഷത്തെ ഹജ്ജ് സീസൺ ദുൽഹജ്ജ് 13 (ജൂൺ ഒമ്പതി)ന് അവസാനിച്ചതോടെ അടുത്ത ഉംറ സീസണിന് തുടക്കമായി. അടുത്ത വർഷം റമദാൻ വരെ ഈ സീസൺ തുടരും. ഹജ്ജ് തീർഥാടകരല്ലാത്തവർക്ക് മക്കയിലും പുണ്യസ്ഥലങ്ങളിലും ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളെല്ലാം ഒഴിവാക്കി. വിദേശതീർഥാടകർക്ക് ഉംറ വിസകൾ അനുവദിച്ചു തുടങ്ങിയതായി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.

രാജ്യത്തിന് അകത്തും പുറത്തും നിന്നെത്തുന്ന മുഴുവനാളുകൾക്കും ഉംറ നിർവഹിക്കുന്നതിനുള്ള അനുമതി ‘നുസുക്’ ആപ്പ് വഴി ബുധനാഴ്ച (ജൂൺ 11) മുതൽ ലഭ്യമാക്കിയെന്നും മന്ത്രാലയം വിശദീകരിച്ചു. തീർഥാടകർക്ക് സർക്കാർ സേവനങ്ങൾ നൽകുന്നതിനുള്ള ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോമാണ് നുസുക്. തീർഥാടനവുമായി ബന്ധപ്പെട്ട വിവിധ ഡിജിറ്റൽ സേവനങ്ങൾ ഇതിൽ ലഭ്യമാണ്. ഉംറ, മദീന സിയാറ തുടങ്ങിയവക്കുള്ള പെർമിറ്റുകൾ ഉപയോക്താക്കൾക്ക് വളരെ എളുപ്പത്തിൽ ഈ ആപ്പ് വഴി ബുക്ക് ചെയ്യാനാവും.