ഗുജറാത്തിലെ എയർബേസിൽ പാകിസ്ഥാൻ നടത്തിയ ആക്രമണം എന്ന പേരിലാണ് വീഡിയോ പ്രചരിച്ചിരുന്നത്

ദുബൈ: ഇന്ത്യ- പാകിസ്ഥാൻ സംഘർഷ സമയത്ത് ​പ്രചരിച്ചിരുന്ന ഒരു വീഡിയോയ്ക്ക് വ്യക്തത വരുത്തി ദുബൈ മീഡിയ ഓഫീസ്. ​ഗുജറാത്തിലെ എയർബേസിൽ പാകിസ്ഥാൻ നടത്തിയ ആക്രമണം എന്ന പേരിലാണ് വീഡിയോ പ്രചരിച്ചിരുന്നത്. എട്ട് സെക്കന്റ് ദൈർഘ്യമുള്ള ഈ വീഡിയോയിൽ സ്ഫോടനത്തിന്റെ ദൃശ്യങ്ങളാണ് ഉള്ളത്. ഇന്ത്യയും പാകിസ്ഥാനും വെടിനിർത്തൽ പ്രഖ്യാപിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപാണ് വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായത്. 

വീഡിയോ പാകിസ്ഥാൻ ​ഗുജറാത്തിലെ എയർബേസ് തകർക്കുന്നതല്ലെന്ന് വാർത്ത ഏജൻസിയായ എഎഫ്പി ആണ് റിപ്പോർട്ട് ചെയ്തത്. ഇത് 2021 ജൂലൈയിൽ ദുബൈയിലെ ജബൽ അലി തുറമുഖത്ത് നടന്ന സ്ഫോടനത്തിന്റെ ദൃശ്യങ്ങളായിരുന്നു. ദുബൈ മീഡിയ ഓഫീസും ഇത് സ്ഥിരീകരിച്ചുകൊണ്ടുള്ള പ്രസ്താവന എക്സ് അക്കൗണ്ടിലൂടെ പങ്കുവെച്ചിരുന്നു. ജബൽ അലി തുറമുഖത്ത് നടന്ന സ്ഫോടനത്തിൽ മരണമോ ആർക്കും പരിക്കുകളോ റിപ്പോർട്ട് ചെയ്തിരുന്നില്ല. കൂടാതെ തീ 40 മിനിറ്റ് കൊണ്ട് നിയന്ത്രണ വിധേയമാക്കുകയും ചെയ്തിരുന്നു. തീപിടുത്തത്തിൽ നിരവധി കണ്ടെയ്നറുകൾ കത്തി നശിക്കുകയും തുറമുഖത്തിന്റെ ബർത്തിന്റെ ഒരു ഭാ​ഗം പൂർണമായി നശിക്കുകയും ചെയ്തു. സ്ഫോടനത്തിൽ 24 മില്ല്യൺ ദിർഹത്തിന്റെ നാശനഷ്ടങ്ങളാണ് ഉണ്ടായത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം