ദില്ലി: പതിനാല് രാജ്യങ്ങളുമായാണ് ഇന്ത്യന്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയം എയര്‍ ബബിള്‍ കരാറില്‍ ഏര്‍പ്പെട്ടിട്ടുള്ളത്. ഈ രാജ്യങ്ങളിലേക്കും അവിടെ നിന്ന് തിരിച്ച് ഇന്ത്യയിലേക്കുമുള്ള വിമാന സര്‍വ്വീസുകള്‍ അനുവദനീയമാണ്. എന്നാല്‍ കൊവിഡ് വ്യാപനം കണക്കിലെടുത്ത് ചില രാജ്യങ്ങള്‍ ഇന്ത്യക്കാര്‍ക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സാധാരണ നിലയിലുള്ള അന്താരാഷ്ട്ര സര്‍വ്വീസുകള്‍ പ്രത്യേക സാഹചര്യത്തില്‍ താല്‍ക്കാലികമായി നിര്‍ത്തി വെച്ചതിനെ തുടര്‍ന്ന് കൊമേഴ്‌സ്യല്‍ സര്‍വ്വീസുകള്‍ നിശ്ചിത കാലയളവിലേക്ക് നടത്താനായി രണ്ട് രാജ്യങ്ങള്‍ തമ്മില്‍ ഏര്‍പ്പെടുന്ന താല്‍ക്കാലിക കരാറാണ് എയര്‍ ബബിള്‍. ഇരു രാജ്യങ്ങളും തമ്മിലുളള ധാരണയില്‍ നടത്തുന്ന പ്രത്യേക സര്‍വീസാണിത്. കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി മാര്‍ച്ച് മാസത്തോടെയാണ് വിവിധ രാജ്യങ്ങളിലേക്കുള്ള അന്താരാഷ്ട്ര സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചത്.

മെയ് മാസത്തോടെ മറ്റ് രാജ്യങ്ങളിലുള്ള പ്രവാസി ഇന്ത്യക്കാരുടെ മടക്കത്തിനായി വന്ദേ ഭാരത് സര്‍വ്വീസുകള്‍ ആരംഭിച്ചു. എന്നാല്‍ ഈ വിമാന സര്‍വ്വീസുകളില്‍ നിന്നും വ്യത്യസ്തമാണ് കരാറിലേര്‍പ്പെടുന്ന ഇരുരാജ്യങ്ങളിലേക്കും യാത്ര അനുവദിക്കുന്ന എയര്‍ ബബിള്‍ സംവിധാനം. പല രാജ്യങ്ങളും അന്താരാഷ്ട്ര സര്‍വ്വീസുകള്‍ ഘട്ടം ഘട്ടമായി ആരംഭിക്കുന്നതിന്റെ ഭാഗമായി കൊവിഡ് വ്യാപനം രൂക്ഷമായ രാജ്യങ്ങളുടെയും രോഗവ്യാപനം കുറഞ്ഞ രാജ്യങ്ങളുടെയും പട്ടിക തയ്യാറാക്കി. ജര്‍മ്മനിയുമായും ഫ്രാന്‍സുമായും ഇന്ത്യ എയര്‍ ബബിള്‍ കരാറിലേര്‍പ്പെട്ടിട്ടുണ്ടെങ്കിലും യൂറോപ്യന്‍ യൂണിയന്‍ ഇന്ത്യയെ കൊവിഡ് വ്യാപനം കുറഞ്ഞ രാജ്യമായി കണക്കാക്കിയിട്ടില്ല.

ഒക്ടോബര്‍ ഒന്നു മുതല്‍ ദക്ഷിണാഫ്രിക്കയില്‍ അന്താരാഷ്ട്ര സര്‍വ്വീസുകള്‍ പുനരാരംഭിക്കും. എന്നാല്‍ ഇന്ത്യക്കാര്‍ക്ക് അവിടേക്ക് യാത്രാ വിലക്കുണ്ട്. കഴിഞ്ഞ ദിവസം സൗദി അറേബ്യയും ഇന്ത്യയിലേക്കും തിരിച്ചുമുള്ള സര്‍വ്വീസുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ മറ്റൊരു രാജ്യം ഹോങ്കോങ് ആണ്. ഇന്ത്യ ഉള്‍പ്പെടെ 32 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കുവൈത്തും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ വിലക്കില്ലാത്ത രാജ്യത്ത് 14 ദിവസം ക്വാറന്റീനില്‍ താമസിച്ച ശേഷം കുവൈത്തിലേക്ക് മടങ്ങാന്‍ അവസരമുണ്ട്. 

അഫ്ഗാനിസ്ഥാന്‍, ബഹ്‌റൈന്‍, ഭൂട്ടാന്‍, കാനഡ, ഫ്രാന്‍സ്, ജര്‍മ്മനി, ഇറാഖ്, ജപ്പാന്‍, മാലിദ്വീപ്, നൈജീരിയ, ഖത്തര്‍, യുഎഇ, യുകെ, യുഎസ് എന്നീ 14 രാജ്യങ്ങളിലേക്ക് ഇന്ത്യക്കാര്‍ക്ക് യാത്ര അനുവദിച്ചിട്ടുണ്ട്.