യുഎഇയില്‍ തൊഴിലവസരങ്ങള്‍ തേടുന്ന പ്രവാസികള്‍ക്കായി നാല് തരം റെസിഡന്‍സി വിസകളാണുള്ളത്. 

അബുദാബി: ഇരുന്നൂറ് രാജ്യങ്ങളില്‍ നിന്നായി ഏകദേശം 96 ലക്ഷം പ്രവാസികള്‍ താമസിക്കുന്ന രാജ്യമാണ് യുഎഇ. യുഎഇയുടെ വളര്‍ച്ചയില്‍ പ്രവാസികളുടെ പങ്ക് വലുതാണ്. താമസ വിസ മാറ്റങ്ങളും സിവില്‍ നിയമ പരിഷ്കാരങ്ങളും എമിറേറ്റ്സിലെ പ്രവാസി സമൂഹത്തിന്‍റെ വളര്‍ച്ചയ്ക്ക് പിന്നിലുണ്ട്. യുഎഇയില്‍ എന്‍ട്രി വിസയിലോ ടൂറിസ്റ്റ് വിസയിലോ എത്തിയവര്‍ക്കാണ് താമസ വിസ നല്‍കുന്നത്. സ്പോണ്‍സര്‍, ഏത് തരം പെര്‍മിറ്റ് ആണ് എന്നതെല്ലാം കണക്കിലെടുത്ത് രണ്ട് മുതല്‍ 10 വര്‍ഷം വരെ എമിറേറ്റ്സില്‍ താമസിക്കാന്‍ ഇതിലൂടെ പ്രവാസികള്‍ക്ക് സാധിക്കും. 

യുഎഇയില്‍ തൊഴിലവസരങ്ങള്‍ തേടുന്ന പ്രവാസികള്‍ക്കായി നാല് തരം റെസിഡന്‍സി വിസകളാണുള്ളത്. 

ഗ്രീന്‍ വിസ

അഞ്ചു വര്‍ഷത്തേക്ക് സ്വയം സ്പോണ്‍സര്‍ ചെയ്യാവുന്ന റെസിഡന്‍സ് വിസയാണ് ഗ്രീന്‍ വിസ. ഒരു യുഎഇ പൗരനോ സ്പോണ്‍സറോ ഗ്രീന്‍ വിസ ഉടമകള്‍ക്ക് അഞ്ച് വര്‍ഷത്തേക്ക് ആവശ്യമില്ല. വൈദഗ്ധ്യമുള്ള പ്രൊഫഷണലുകള്‍, നിക്ഷേപകര്‍, സംരംഭകര്‍, വിദ്യാര്‍ഡത്ഥികള്‍ എന്നിവരെ രാജ്യത്തേക്ക് ആകര്‍ഷിക്കുന്നതിന് വേണ്ടിയുള്ള വിസയാണ് ഗ്രീന്‍ വിസ.

ഫ്രീലാന്‍സര്‍മാര്‍, സ്വയം തൊഴില്‍ ചെയ്യുന്നവര്‍, വൈദഗ്ധ്യമുള്ള ജീവനക്കാര്‍ എന്നിവര്‍ക്ക് ഗ്രീന്‍ വിസക്ക് അപേക്ഷിക്കാം.

ഫ്രീലാന്‍സര്‍മാരും സ്വയം തൊഴില്‍ ചെയ്യുന്നവരും 

ഫ്രീലാന്‍സര്‍മാരും സ്വയം തൊഴില്‍ ചെയ്യുന്നവരും ഗ്രീന്‍ വിസക്കായി അപേക്ഷിക്കുമ്പോള്‍ സമര്‍പ്പിക്കേണ്ടവ

  • മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയത്തില്‍ നിന്നുള്ള പെര്‍മിറ്റ്
  • ബാച്ചിലേഴ്സ് ഡിഗ്രി അല്ലെങ്കില്‍ സ്പെഷ്യലൈസ്ഡ് ഡിപ്ലോമ. 
  • കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലെ സ്വയം തൊഴിലില്‍ നിന്നുള്ള വാര്‍ഷിക വരുമാനം 360,000 ദിര്‍ഹത്തില്‍ കുറയാത്തതിന്‍റെ തെളിവ്. 

വൈദഗ്ധ്യമുള്ള ജീവനക്കാര്‍

  • ഗ്രീന്‍ വിസക്ക് അപേക്ഷിക്കുന്നതിന് വൈദഗ്ധ്യമുള്ള ജീവനക്കാര്‍ക്ക് സാധുതയുള്ള തൊഴില്‍ കരാര്‍ ആവശ്യമാണ്. 
  • മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയത്തിന്‍റെ പട്ടികയിലെ ആദ്യ മൂന്ന് തൊഴില്‍ വിഭാഗത്തിലുള്ളവരായിരിക്കണം. 
  • കുറഞ്ഞത് ബാച്ചിലേഴ്സ് ബിരുദമോ തത്തുല്യമോ വേണം.
  • പ്രതിമാസം 15,000 ദിര്‍ഹത്തില്‍ കുറയാത്ത ശമ്പളം.

Read Also -  രാത്രി ഭാര്യയോട് നെഞ്ചുവേദനയുണ്ടെന്ന് പറഞ്ഞു, രാവിലെ വാതില്‍ തുറന്നപ്പോള്‍ അനക്കമില്ല; ഉറക്കത്തിൽ മരണം


സ്റ്റാന്‍ഡേര്‍ഡ് വര്‍ക്ക് വിസ

കൂടുതല്‍ പ്രവാസികള്‍ പ്രയോജനപ്പെടുത്തുന്നത് രണ്ട് വര്‍ഷത്തേക്കുള്ള സ്റ്റാന്‍ഡേര്‍ഡ് വര്‍ക്ക് വിസ (സാധാരണ തൊഴില്‍ വിസ)യാണ്. സ്വകാര്യ മേഖലയിലോ സര്‍ക്കാര്‍ മേഖലയിലോ ഫ്രീ സോണിലോ ജോലി ചെയ്യുന്നവര്‍ക്ക് ഈ വിസ ലഭ്യമാണ്. സാധാരണ റെസിഡന്‍സ് വിസക്ക് തൊഴിലുടമയാണ് അപേക്ഷ നല്‍കേണ്ടത്. 

ഗോള്‍ഡന്‍ വിസ

ദീര്‍ഘകാല വിസയാണ് ഗോള്‍ഡന്‍ വിസ. വിദേശികളായ പ്രതിഭകള്‍ക്ക് യുഎഇയില്‍ താമസിക്കാനോ ജോലി ചെയ്യാനോ പഠിക്കാനോ അനുവദിക്കുന്നതാണ് ഈ വിസ. അഞ്ച് അല്ലെങ്കില്‍ 10 വര്‍ഷത്തേക്കുള്ള റെസിഡന്‍സ് വിസയാണ് ഗോള്‍ഡന്‍ വിസ. ഇവ പിന്നീട് പുതുക്കാം.സ്പോൺസറെ ആവശ്യമില്ലല്ലെന്നതും ആറ് മാസത്തേക്കാൾ കൂടുതൽ യുഎഇക്ക് പുറത്ത് താമസിച്ചാലും താമസ വീസ സാധുതയുള്ളതായി നിലനിർത്താമെന്നതും ഈ വിസയുടെ പ്രത്യേകതയാണ്. പങ്കാളി, കുട്ടികൾ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളെ അവരുടെ പ്രായം പരിഗണിക്കാതെ സ്പോൺസർ ചെയ്യാം.

ഗാര്‍ഹിക തൊഴിലാളി വിസ 

ഗാർഹിക തൊഴിലാളികൾക്കായി യുഎഇയിൽ പ്രത്യേക വീസ ചട്ടങ്ങളുണ്ട്. മറ്റ് രാജ്യങ്ങളിൽ നിന്ന് വന്ന് യുഎഇയിൽ ജോലി ചെയ്യുന്ന ഗാർഹിക തൊഴിലാളികളുടെ അവകാശങ്ങളും ക്ഷേമവും സംരക്ഷിക്കുന്നതിനാണ് ഈ ചട്ടങ്ങള്‍ ലക്ഷ്യമിടുന്നത്. യുഎഇയിലെ ഗാർഹിക തൊഴിലാളികളെ സാധാരണയായി അവരുടെ തൊഴിലുടമകളാണ് സ്പോൺസർ ചെയ്യുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം