കെട്ടിടത്തിന് താഴെ ഒരാള്‍ ചോരവാര്‍ന്നു മരിച്ചുകിടക്കുന്നത് കണ്ടവരാണ് പൊലീസിനെ അറിയിച്ചത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോള്‍ അഞ്ചാം നിലയില്‍ താമസിക്കുന്ന ഒരാളുടെ പഴ്സ് മൃതദേഹത്തനൊപ്പം കണ്ടെടുത്തു. 

ദുബായ്: മോഷണശ്രമത്തിനിടെ പിടിക്കപ്പെടുമെന്ന് ഭയന്ന് യുവാവ് അഞ്ചാം നിലയില്‍ നിന്ന് താഴേക്ക് ചാടി. വാര്‍സനിലെ ഒരു അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തിലായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ ഇയാള്‍ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു.

കെട്ടിടത്തിന് താഴെ ഒരാള്‍ ചോരവാര്‍ന്നു മരിച്ചുകിടക്കുന്നത് കണ്ടവരാണ് പൊലീസിനെ അറിയിച്ചത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോള്‍ അഞ്ചാം നിലയില്‍ താമസിക്കുന്ന ഒരാളുടെ പഴ്സ് മൃതദേഹത്തനൊപ്പം കണ്ടെടുത്തു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് മോഷണത്തിനിടെ താഴേക്ക് ചാടിയതാണെന്ന് മനസിലായത്. അഞ്ചാം നിലയില്‍ നിന്ന് ചാടുന്നതിനിടെ മറ്റൊരു ബാല്‍ക്കണിയില്‍ തലയിടിച്ചാണ് മരണം സംഭവിച്ചത്.

ഇതേ കെട്ടിടത്തില്‍ തന്നെ താമസിച്ചിരുന്ന ഹോട്ടല്‍ തൊഴിലാളിയായ ഇയാള്‍ കെട്ടിടത്തിലെ മറ്റുള്ളവര്‍ പുറത്തേക്ക് പോകാന്‍ കാത്തിരിക്കുകയായിരുന്നു. സ്വദേശികളായ തൊഴിലാളികളും ജീവനക്കാരുമാണ് ഇവിടെ താമസിച്ചിരുന്നത്. നിരന്തരം മോഷണം നടക്കുന്നതായി ഇവര്‍ പരാതിപ്പെടുകയും ചെയ്തിരുന്നു. ഉറങ്ങിക്കിടക്കുകയായിരുന്ന ഒരാളുടെ പേഴ്സ് മോഷ്ടിക്കുന്നതിനിടെ മറ്റൊരാളുടെ ശ്രദ്ധയില്‍ പെട്ടു. ഇതോടെ രക്ഷപെടാനായി താഴേക്ക് ചാടുകയും മരിക്കുകയുമായിരുന്നു. 

ഫ്ലാറ്റിലെ മോഷണ കേസിലും സംഭവത്തോടെ പൊലീസിന് തുമ്പ് ലഭിച്ചെങ്കിലും പ്രതി മരണപ്പെട്ടതിനാല്‍ പ്രോസിക്യൂഷന്‍ കേസ് അവസാനിപ്പിക്കുകയായിരുന്നു. മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി.