ജർമ്മനിയിൽ നിന്നും ഫെഡറൽ എംപ്ലോയ്മെൻറ് ഏജൻസിയിലെ അഞ്ച് പ്ലേസ്‍മെന്റ് ഓഫീസർമാർ അടങ്ങുന്ന ഉദ്യോഗസ്ഥ സംഘം തിരുവനന്തപുരത്ത് ക്യാമ്പ് ചെയ്താണ് ഇന്റർവ്യൂ നടപടികൾക്ക് നേതൃത്വം നൽകുന്നത്.

തിരുവനന്തപുരം: ജർമ്മനിയിലേയ്ക്കുളള നഴ്സിങ് റിക്രൂട്ട്മെന്റ് പദ്ധതിയായ നോർക്ക റൂട്ട്സിന്റെ ട്രിപ്പിൾ വിൻ പദ്ധതിയുടെ മൂന്നാംഘട്ട അഭിമുഖങ്ങൾ തിരുവനന്തപുരത്ത് പുരോഗമിക്കുന്നു. ഏപ്രിൽ 19 ന് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ ആരംഭിച്ച അഭിമുഖങ്ങളിൽ ഇതുവരെ 356 പേർ പങ്കെടുത്തു. അഭിമുഖം ഏപ്രിൽ 28 വരെ തുടരും.

ജർമ്മനിയിൽ നിന്നും ഫെഡറൽ എംപ്ലോയ്മെൻറ് ഏജൻസിയിലെ അഞ്ച് പ്ലേസ്‍മെന്റ് ഓഫീസർമാർ അടങ്ങുന്ന ഉദ്യോഗസ്ഥ സംഘം തിരുവനന്തപുരത്ത് ക്യാമ്പ് ചെയ്താണ് ഇന്റർവ്യൂ നടപടികൾക്ക് നേതൃത്വം നൽകുന്നത്. നടപടികൾ നേരിട്ട് വീക്ഷിക്കുവാനും പ്രോഗ്രാം കൂടുതൽ മെച്ചപ്പെടുത്തുന്നതിനായുളള നിർദ്ദേശങ്ങൾ ആരായിന്നതിനുമായി ഡൽഹിയിലെ ജർമൻ എംബസിയിൽ നിന്നുളള പ്രതിനിധി 26, 27 തീയതികളിൽ തിരുവനന്തപുരത്ത് എത്തിച്ചേരുന്നുണ്ട്.

ട്രിപ്പിൾ വിൻ പദ്ധതിയുടെ ആദ്യഘട്ടത്തിൽ തിരഞ്ഞെടുക്കപ്പെട്ടവർ ഭാഷാപരിശീലനം ഉൾപ്പെടെ പൂർത്തിയാക്കി ജർമ്മനിയിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്. രണ്ടാംഘട്ടത്തിലെ പരിശീലനം ജർമ്മൻ ഭാഷാപഠന കേന്ദ്രമായ ഗോയ്ഥേ ഇൻസ്റ്റ്യൂട്ടിലെ തിരുവനന്തപുരം, കൊച്ചി സെന്ററുകളിലായി പുരോഗമിക്കുന്നു. പദ്ധതി പ്രകാരം ജർമ്മൻ ഭാഷാ പഠനവും റിക്രൂട്ട്മെന്റും അടക്കമുള്ള മുഴുവൻ ചെലവുകളും നഴ്സുമാർക്ക് സൗജന്യമാണ്. 

നോർക്ക റൂട്ട്സും ജർമ്മൻ ഫെഡറൽ എംപ്ലോയ്മെന്‍റ് ഏജൻസിയും ജർമ്മൻ ഏജൻസി ഫോർ ഇന്റർനാഷണൽ കോ-ഓപ്പറേഷനും സംയുക്തമായി നടപ്പാക്കുന്ന, ജർമ്മനിയിലേയ്ക്കുളള നഴ്സുമാരുടെ റിക്രൂട്ട്മെന്റ് പദ്ധതിയാണ് ട്രിപ്പിൾ വിൻ. ട്രിപ്പിൾവിൻ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് www.norkaroots.org എന്ന വെബ്ബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണെന്ന് നോര്‍ക്ക അറിയിച്ചു. ഇന്ത്യയില്‍ നിന്നും 18004253939, വിദേശത്തുനിന്നും +91-8802012345 (മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) എന്നീ നമ്പറുകളിലും ബന്ധപ്പെടാം.

Read also: യുഎഇയില്‍ മലയാളിയുടെ മരണത്തിന് കാരണമായ ബോട്ട് അപകടത്തിന് കാരണം നിയമലംഘനമെന്ന് പൊലീസ്