റിയാദ്: സൗദിയില്‍ സ്വദേശിവത്കരണത്തിന്റെ മൂന്നാം ഘട്ടത്തിന് നാളെ തുടക്കമാവും. കഴിഞ്ഞ സെപ്തംബറില്‍ പ്രഖ്യാപിച്ച സ്വദേശിവത്കരണമാണ് നടപ്പാക്കുന്നത്. ബേക്കറി, ചോക്ലേറ്റ് വിപണന കേന്ദ്രങ്ങളിലാണ് ഈ ഘട്ടത്തില്‍ സൗദി പൗരന്മാരെ നിയമിക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുള്ളത്. മലയാളികള്‍ ഉള്‍പ്പെടെ നിരവധി വിദേശികളാണ് ഈ രംഗങ്ങളില്‍ ജോലി ചെയ്യുന്നത്. 

12 മേഖലകളിലെ സ്വദേശിവത്കരണമാണ് കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ പ്രഖ്യാപിച്ചിരുന്നത്. മൂന്ന് ഘട്ടങ്ങളായി ഇത് നടപ്പാക്കാനായിരുന്നു തീരുമാനം. ആദ്യ രണ്ട് ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് മൂന്നാം ഘട്ടം നാളെ മുതല്‍ പ്രാബല്യത്തില്‍ വരുന്നത്. ബേക്കറി, ചോക്ലേറ്റ് കടകളില്‍ സ്വദേശികളെ നിയമിക്കാന്‍ ഉടമകള്‍ ശ്രമിക്കുന്നുണ്ടെങ്കിലും ആവശ്യത്തിന് ആളുകളെ നിയമിക്കാന്‍ കഴിയാത്തത് പ്രതിസന്ധി രൂക്ഷമാക്കുന്നുണ്ട്. മലയാളികള്‍ ഉള്‍പ്പെടെ നിരവധി വിദേശികള്‍ ഈ രംഗങ്ങളില്‍ ജോലി ചെയ്യുന്നതിനാല്‍ അവരുടെ കാര്യവും ആശങ്കയിലാണ്.