മസ്ക്കറ്റ്: മസ്ക്കറ്റിൽ വന്ദേ ഭാരത് മിഷനിലൂടെ അനുമതി ലഭ്യമായവര്‍ക്കും നാട്ടിലേക്ക് മടങ്ങാനാകുന്നില്ല. പണം അടച്ചവർക്കും ടിക്കറ്റ് ലഭിച്ചില്ലെന്നും വിതരണത്തിൽ പാകപ്പിഴയുണ്ടെന്നും പരാതികള്‍ ഉയർന്നിട്ടുണ്ട്. ഒമാനിലെ ഇന്ത്യൻ എംബസിക്കും എയർ ഇന്ത്യ ഓഫീസിനുമെതിരെയാണ് പരാതി. 80 വയസുള്ള കൃഷ്ണൻ വാരിയത്തും പേരകുട്ടികളുമാണ് ഇപ്പോഴും നാട്ടിലെത്താതെ മസ്കറ്റിൽ തന്നെ കുടുങ്ങി കിടക്കുന്നത്. 

മസ്കറ്റിൽ നിന്നും കൊച്ചിയിലേക്ക് മെയ് ഒൻപതിന് പുറപ്പെട്ട ആദ്യ വിമാനത്തിൽ നാട്ടിലേക്ക് മടങ്ങുവാൻ എംബസിയിൽ നിന്ന് ഇവർക്ക് ഇ മെയിൽ സന്ദേശവും ലഭിച്ചിരുന്നു. ഇവർ നാട്ടിലെത്തയെന്ന സന്ദേശവുമായി കോട്ടയം മാങ്ങാനത്തുള്ള വീട്ടിലേക്കു ആരോഗ്യ വകുപ്പിന്റെ അന്വേഷണവുമെത്തി. 

അതായത് എംബസിയോ , എയർ ഇന്ത്യയോ കേരളത്തിന് കൈമാറിയ പട്ടികയിൽ ഇവരുടെ പേരുകൾ ഉണ്ടായിരുന്നുവെന്നാണ് വ്യക്തമാകുന്നത്. എന്നാൽ എയർ ഇന്ത്യയിൽ നിന്നും യാത്രക്കുള്ള ടിക്കറ്റ് ഇവർക്ക് ലഭിച്ചിരുന്നില്ല. ഇതിനു പുറമെ , വന്ദേ ഭാരത് രണ്ടാം ഘട്ടത്തിൽ ടിക്കറ്റ് വിതരണത്തിൽ വ്യാപകമായ പരാതികളാണ് യാത്രക്കാരിൽ നിന്നും ഉയർന്നിരിക്കുന്നത്. റൂവിയിലുള്ള എയർ ഇന്ത്യ ഓഫീസിൽ എത്തി ടിക്കറ്റ് നേരിട്ട് വാങ്ങുവാൻ ആവശ്യപ്പെട്ടത് യാത്രക്കാർക്ക് കൂടുതൽ പ്രതിസന്ധി ഉണ്ടാക്കി.

ഇതുമൂലം ബാങ്കിലൂടെ പണമടച്ച പലർക്കും യാത്ര മുടങ്ങുകയും അവസരം നഷ്ടപെടുകയും ചെയ്തു. ടിക്കറ്റിന് പണം എയർ ഇന്ത്യയുടെ ബാങ്ക് അക്കൗണ്ടിൽ അടക്കുന്നവർക്കു മെയിലിലൂടെ അയച്ചു നൽകുമെന്നാണ് വിമാന കമ്പനി അറിയിച്ചിരുന്നത്. ഇതിനാൽ എംബസിയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങാന്‍ അറിയിപ്പ് കിട്ടിയിട്ടും ടിക്കറ്റ് ലഭിക്കാതെ പിന്നെയും മസ്കറ്റിൽ തന്നെ കുടുങ്ങി പോകുന്നവർ ഏറെയാണ്. ഈ വിഷയങ്ങൾ ചൂണ്ടിക്കാട്ടി മസ്കറ്റ് ഇന്ത്യൻ എംബസിയുമായും എയർ ഇന്ത്യ ഓഫീസുമായും ബന്ധപെട്ടിട്ടും ഇങ്ങുവരെയും മറുപടി ഒന്നും ലഭിച്ചിട്ടില്ല.