മസ്ക്കറ്റ്: ഒരു വർഷത്തിലേറെ ശമ്പളം കിട്ടാതെ ഒമാനിലെ ബുറേമിയിൽ കുടുങ്ങിയ മലയാളികളടക്കമുള്ള ഇരുപത്തിയഞ്ചോളം തൊഴിലാളികൾക്ക് നാട്ടിലേക്ക് മടങ്ങാന്‍ വഴിയൊരുങ്ങുന്നു. മസ്കറ്റ് ഇന്ത്യൻ എംബസിയുടെ ഇടപെടലിലാണ് തിരികെയെത്താനുള്ള മാര്‍ഗമുണ്ടാകുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് നല്‍കിയ വാർത്തയാണ് ഇവര്‍ക്ക് തുണയായത്. ശമ്പളം അടക്കം എല്ലാ ആനുകൂല്യങ്ങളും നൽകി നാട്ടിലേക്ക് മടക്കി അയക്കണമെന്ന് ഉള്ള കോടതി വിധി തൊഴിലുടമ പാലിക്കാതെ വന്ന സാഹചര്യത്തിൽ ആണ് മലയാളികൾ അടക്കമുള്ള ഇന്ത്യക്കാര്‍ ബുറേമിയിൽ കുടുങ്ങിയത്.

ഇപ്പോഴത്തെ കനത്ത ചൂട് കാലാവസ്ഥയിൽ താമസ സ്ഥലത്ത് വൈദ്യുതി ബന്ധം ഇല്ലാതെ തുറന്ന ടെറസുകളില്‍ രാത്രി കാലങ്ങളിൽ കഴിച്ചു കൂട്ടുന്ന വാർത്ത ഏഷ്യാനെറ്റ് ന്യൂസ് സംപ്രേക്ഷണം ചെയ്തിരുന്നു.

കഴിഞ്ഞ നാല് ദിവസം മുൻപേ മരണപെട്ട സ്വന്തം പിതാവിന്‍റെ മരണാന്തര ചടങ്ങുകൾക്ക് പോലും എത്തുവാൻ കഴിയാത്ത അവസ്ഥയിൽ ഉള്‍പ്പെട്ടവരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. മസ്കറ്റ് ഇന്ത്യൻ എംബസ്സി ഒമാൻ തൊഴിൽ മന്ത്രാലയവുമായി ചേർന്നു ഇവരെ നാട്ടിലേക്ക് അയക്കുവാനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു.

2018 ജനുവരിയിൽ തൊഴിലാളികൾക്ക് അനുകൂലയമായി ലഭിച്ച കോടതി ഉത്തരവ് കർശനമായും അടുത്ത പത്ത് ദിവസത്തിനകം പാലിക്കണമെന്ന് കോടതി രണ്ടാമതും തൊഴിലുടമയോട് കഴിഞ്ഞ ദിവസം ആവശ്യപെട്ടിട്ടുണ്ട്.