ജിദ്ദ: കൊവിഡ് 19 വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജിദ്ദയില്‍ ലേബര്‍ ക്യാമ്പുകളില്‍ കഴിയുന്ന തൊഴിലാളികളെ സ്‌കൂള്‍ കെട്ടിടങ്ങളിലേക്ക് മാറ്റാന്‍ തീരുമാനം. ജിദ്ദയില്‍ വിവിധ ലേബര്‍ ക്യാമ്പുകളിലായി കഴിയുന്ന 1000ലധികം തൊഴിലാളികളെ 12 സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് മാറ്റാന്‍ തീരുമാനിച്ചതായി ജിദ്ദ മുന്‍സിപ്പാലിറ്റി വക്താവ് മുഹമ്മദ് അല്‍ബഖമി അറിയിച്ചു. ആരോഗ്യ, വാണിജ്യ, വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ചാണ് തൊഴിലാളികളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നത്. 

അതേസമയം സൗദിയിലെ കിഴക്കന്‍ പ്രവിശ്യയിലെ ലേബര്‍ ക്യാമ്പുകളില്‍ നിന്നും തൊഴിലാളികളെ സ്‌കൂളുകളിലേക്ക് മാറ്റുമെന്നും ഇതിനായി 15 സ്‌കൂളുകള്‍ ഇതിനായി തയ്യാറാക്കിയിട്ടുണ്ടെന്നും കിഴക്കന്‍ പ്രവിശ്യ നഗരസഭ അറിയിച്ചിരുന്നു . ക്യാമ്പുകളില്‍ കഴിയുന്ന 80 ശതമാനം തൊഴിലാളികളെയും സ്‌കൂളുകളിലേക്ക് മാറ്റണമെന്ന് കിഴക്കന്‍ പ്രവിശ്യ നഗരസഭ കമ്പനി ഉടമകളോട് ആവശ്യപ്പെട്ടു. തൊഴിലാളികള്‍ക്ക് താമസിക്കുന്നതിനായി സ്‌കൂളുകളില്‍ മുറികളും ശുചിമുറികളും സജ്ജമാക്കിയിട്ടുണ്ടെന്നും ഇവിടെ അണുവിമുക്തമാക്കുന്നത് ഉള്‍പ്പെടെയുള്ള ശുചീകരണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയെന്നും നഗരസഭ അറിയിച്ചിരുന്നു.