ഉന്നത ഉദ്യോഗസ്ഥരാണെന്ന് മാധ്യമ സ്ഥാപനങ്ങളെ പരിചയപ്പെടുത്തിയ ശേഷമാണ് മൂന്ന് മില്യന്‍ റിയാലിന്റെ സമ്മാനങ്ങളെന്ന പേരില്‍ ചില സാധനങ്ങള്‍ നല്‍കിയത്. സൗദിയിലുള്ള ചില കുവൈറ്റി വനിതാ മാധ്യമ പ്രവര്‍ത്തകര്‍ വിലകൂടിയ പെര്‍ഫ്യൂമുകള്‍ സമ്മാനമായി വാങ്ങുന്ന വീഡിയോ ക്ലിപ്പുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
റിയാദ്: സൗദി അറേബ്യന്‍ ഭരണകൂടത്തിലെ ഉന്നത ഉദ്ദ്യോഗസ്ഥരെന്ന വ്യാജേന മാധ്യമ പ്രവര്‍ത്തകര്‍ക്ക് സമ്മാനങ്ങള്‍ നല്‍കിയ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. സുഗന്ധദ്രവ്യങ്ങള്‍ വ്യാജമായി നിര്‍മ്മിച്ച് വില്‍പ്പന നടത്തുന്ന സംഘത്തിലുള്ളവരാണ് ഇവരെന്ന് പിന്നീട് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. അറസ്റ്റിലായവരില്‍ ഒരാള്‍ ഇന്ത്യക്കാരനാണ്.
ഉന്നത ഉദ്യോഗസ്ഥരാണെന്ന് മാധ്യമ സ്ഥാപനങ്ങളെ പരിചയപ്പെടുത്തിയ ശേഷമാണ് മൂന്ന് മില്യന്‍ റിയാലിന്റെ സമ്മാനങ്ങളെന്ന പേരില്‍ ചില സാധനങ്ങള്‍ നല്‍കിയത്. സൗദിയിലുള്ള ചില കുവൈറ്റി വനിതാ മാധ്യമ പ്രവര്‍ത്തകര്‍ വിലകൂടിയ പെര്‍ഫ്യൂമുകള്‍ സമ്മാനമായി വാങ്ങുന്ന വീഡിയോ ക്ലിപ്പുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മൂന്ന് പേരെ പിടികൂടിയത്. ഇന്ത്യക്കാരനായ മതീന്‍ അഹ്‍മദ് എന്നായാള്‍ക്ക് പുറമെ ഒരു സൗദി പൗരനും മറ്റൊരു ലെബനീസ് പൗരനുമാണ് അറസ്റ്റിലായതെന്ന് സൗദി പ്രസ് ഏജന്‍സി അറിയിച്ചു.
പിന്നീട് നടത്തിയ റെയ്ഡുകളില്‍ വ്യാജമായി നിര്‍മ്മിച്ച നിരവധി പെര്‍ഫ്യൂമുകളും പിടിച്ചെടുത്തിട്ടുണ്ട്. വ്യക്തിപരമായ നേട്ടങ്ങള്‍ക്കായി മാധ്യമ പ്രവര്‍ത്തകരെ ഉപയോഗിക്കാമെന്ന ധാരണയിലാണ് സമ്മാനങ്ങള്‍ നല്‍കിയതെന്നാണ് വിവരം. സംഭവത്തില്‍ അധികൃതര്‍ വിശദമായ പരിശോധന തുടങ്ങിയിട്ടുണ്ട്.
