അജ്മാന്‍: അനധികൃതമായി ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ശേഖരിച്ച് വന്‍ തോതില്‍ പണം തട്ടിയെടുത്ത സംഘം അജ്മാനില്‍ അറസ്റ്റില്‍. രണ്ട് പുരുഷന്‍മാരും ഒരു സ്ത്രീയുമാണ് പിടിയിലായത്. ഇവര്‍ മൂന്നുപേരും ഏഷ്യന്‍ വംശജരാണ്.

ഫോണ്‍ വഴി ഇരകളെ ബന്ധപ്പെട്ട് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ശേഖരിച്ച ശേഷം പണം തട്ടിയെടുത്ത സംഘം 20.8 ലക്ഷം ദിര്‍ഹമാണ് ഇത്തരത്തില്‍ പലരില്‍ നിന്നായി കവര്‍ന്നത്. ബാങ്ക് അക്കൗണ്ട്  അപ്‌ഡേറ്റ് ചെയ്യാനെന്ന രീതിയില്‍ ഫോണ്‍ വിളിച്ച് വിവരങ്ങള്‍ ശേഖരിച്ച ശേഷം 10,000 ദിര്‍ഹം തന്റെ അക്കൗണ്ടില്‍ നിന്നും തട്ടിയെടുത്തെന്ന ഏഷ്യന്‍ യുവതിയുടെ പരാതിയിലാണ് അന്വേഷണം ആരംഭിച്ചതെന്ന് അജ്മാന്‍ പൊലീസ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം ഡയറക്ടര്‍ ലഫ്.കേണല്‍ അഹമ്മദ് സഈദ് അല്‍ നുഐമി പറഞ്ഞു. അന്വേഷണത്തിനിടെ അല്‍ നുഐമിയ ഏരിയയിലെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ റെയ്ഡ് നടത്തിയപ്പോഴാണ് സംഘം പിടിയിലായത്. 

പരിശോധനയില്‍ ഇവരുടെ പക്കല്‍ നിന്നും 21 മൊബൈല്‍ ഫോണുകള്‍, ടാബ്‍ലറ്റുകള്‍, ലാപ്‌ടോപ്പുകള്‍, ബാങ്ക് കാര്‍ഡുകള്‍, പണം,  സ്വര്‍ണാഭരണങ്ങള്‍ എന്നിവ പൊലീസ് പിടിച്ചെടുത്തു. ഫോണ്‍ വഴി തട്ടിപ്പ് നടത്തി 20.8 ലക്ഷം ദിര്‍ഹം കൈക്കലാക്കിയതായി ഇവര്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. തുടര്‍ നിയമനടപടികള്‍ക്കായി അറസ്റ്റിലായവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.