ഫുഡ് ഡെലിവറി തൊഴിലാളികളിൽ നിന്ന് ഭക്ഷണ ഓർഡറുകൾ മോഷ്ടിച്ചു, കുവൈത്തിൽ മൂന്നു പേർ പിടിയിൽ
സാദ് അൽ അബ്ദുല്ല ഏരിയയിൽ ആണ് സംഭവം. ക്രിമിനൽ ഇൻവസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് അധികൃതരാണ് മൂന്നു പേരെയും പിടികൂടിയത്.

കുവൈത്ത് സിറ്റി : കുവൈത്തിൽ ഫുഡ് ഡെലിവറി തൊഴിലാളികളിൽ നിന്ന് ഭക്ഷണ ഓർഡറുകൾ മോഷ്ടിച്ച കേസിൽ സംശയിക്കപ്പെടുന്ന മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. സാദ് അൽ അബ്ദുല്ല ഏരിയയിൽ ആണ് സംഭവം. ക്രിമിനൽ ഇൻവസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് അധികൃതരാണ് ഇവരെ പിടികൂടിയത്. ഫുഡ് ഓർഡറുകൾ മോഷണം പോകുന്നതായി നിരവധി ഫുഡ് ഡെലിവറി തൊഴിലാളികളിൽ നിന്ന് പരാതികൾ ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതികളെന്ന് സംശയിക്കപ്പെടുന്നവരെ പിടികൂടിയത്.
read more: ഇനി വെള്ളിയാഴ്ച പ്രഭാഷണങ്ങൾ ഇഷ്ട ഭാഷയിൽ കേൾക്കാം, പുതിയ സേവനം മിൻബാർ ആപ്പിൽ
ഡെലിവറി ജീവനക്കാരെ ലക്ഷം വെച്ചുള്ള മോഷണ പ്രവണത വർധിച്ചു വരുന്നതായും ഇതിനെതിരെ കർശന നടപടികൾ ആവശ്യമാണെന്നും അധികൃതർ അറിയിച്ചു. ഡെലിവറി ജീവനക്കാരും ഉപഭോക്താക്കളും ജാഗ്രത പാലിക്കണമെന്നും സംശയാസ്പദമായ എന്തെങ്കിലും പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ റിപ്പോർട്ട് ചെയ്യണമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. കൂടുതൽ അന്വേഷണത്തിനും നിയമ നടപടികൾക്കുമായി പിടികൂടിയവരെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
