അൽ-ബഹർ അൽ-അബ്യാദ്, സിൽവർ ഫൗജി, എംബിഐ എന്നീ സ്ഥാപനങ്ങളാണ് അടച്ചുപൂട്ടിയത്.
ദോഹ: ഉപഭോക്തൃ സംരക്ഷണ നിയമം ലംഘിച്ചതിന് രാജ്യത്തെ മൂന്ന് വാണിജ്യ സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുത്ത് ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയം. മൂന്ന് സ്ഥാപനങ്ങളും 30 ദിവസത്തേക്ക് പൂർണമായി അടച്ചുപൂട്ടാനാണ് മന്ത്രാലയം പുറപ്പെടുവിച്ച നിർദേശം. ഉപഭോക്തൃ സംരക്ഷണം സംബന്ധിച്ച 2008 ലെ (8)-ാം നമ്പർ നിയമത്തിലെ (16)-ാം ആർട്ടിക്കിൾ വ്യവസ്ഥകളും അതിന്‍റെ എക്സിക്യൂട്ടീവ് ചട്ടങ്ങളും ലംഘിച്ചതിനാലാണ് തീരുമാനമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു.
അൽ-ബഹർ അൽ-അബ്യാദ്, സിൽവർ ഫൗജി, എംബിഐ എന്നീ സ്ഥാപനങ്ങളാണ് അടച്ചുപൂട്ടിയത്. ഉപഭോക്താക്കൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാത്തതിനാലാണ് നടപടി. ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും വാണിജ്യ മേഖലയിൽ നീതിയുക്തവും സുരക്ഷിതവുമായ അന്തരീക്ഷം ഒരുക്കുന്നതിനും രാജ്യത്ത് പരിശോധനാ ക്യാമ്പയിൽ ശക്തമാക്കുമെന്ന് മന്ത്രാലയം അറിയിച്ചു. നിയമലംഘകർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
