യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മൂടൽമഞ്ഞിനും ആഴ്ചാവസാനത്തോടെ താപനില കുറയുന്നതിനും സാധ്യതയുണ്ടെന്നും പ്രവചനമുണ്ട്.
അബുദാബി: യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴയ്‌ക്കൊപ്പം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മൂടൽമഞ്ഞിനും ഈ ആഴ്ച അവസാനത്തോടെ താപനില കുറയാനും സാധ്യതയുണ്ടെന്നാണ് പ്രവചനം.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം മഴമേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ടെന്നും ഇത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ, പ്രത്യേകിച്ച് കിഴക്കൻ പ്രദേശങ്ങളിൽ മഴയ്ക്ക് കാരണമാകുമെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. അന്തരീക്ഷത്തിൽ ഈർപ്പം കൂടുന്നത് മൂലം തീരദേശ-ഉൾനാടൻ പ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാനും സാധ്യതയുണ്ട്. തിങ്കളാഴ്ച രാജ്യത്ത് പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരിക്കും. എന്നാൽ കിഴക്കൻ പ്രദേശങ്ങളിൽ മേഘാവൃതമായ അന്തരീക്ഷത്തിന് സാധ്യതയുണ്ട്. രാത്രിയിലും ചൊവ്വാഴ്ച പുലർച്ചെയുമായി അന്തരീക്ഷത്തിൽ ഈർപ്പം വർദ്ധിക്കും. പടിഞ്ഞാറൻ തീരദേശങ്ങളിലും ഉൾനാടൻ പ്രദേശങ്ങളിലും മൂടൽമഞ്ഞിന് സാധ്യതയുണ്ട്. ചൊവ്വാഴ്ച ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കും. ഉച്ചയ്ക്ക് ശേഷം മഴമേഘങ്ങൾ രൂപപ്പെടുന്നതോടെ പലയിടങ്ങളിലും മഴ ലഭിച്ചേക്കും. ബുധനാഴ്ച ചൊവ്വാഴ്ചയ്ക്ക് സമാനമായ കാലാവസ്ഥ തുടരും. കിഴക്കൻ മേഖലകളിൽ മഴമേഘങ്ങൾ വീണ്ടും രൂപപ്പെടാൻ സാധ്യതയുണ്ട്. വ്യാഴാഴ്ച രാജ്യത്ത്, പ്രത്യേകിച്ച് പടിഞ്ഞാറൻ പ്രദേശങ്ങളിൽ താപനിലയിൽ കുറവുണ്ടാകും. ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ തുറസ്സായ സ്ഥലങ്ങളിൽ പൊടിപടലങ്ങൾ ഉയർന്നേക്കാം.
വ്യാഴാഴ്ച അറേബ്യൻ ഗൾഫിൽ കടൽ ചില സമയങ്ങളിൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ട്. പ്രത്യേകിച്ച് പടിഞ്ഞാറൻ ജലാശയങ്ങളിൽ പോകുന്നവർ ജാഗ്രത പാലിക്കണം. ഈ ദിവസങ്ങളിൽ മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വേഗതയിൽ വീശാവുന്ന കാറ്റ്, ചില പ്രദേശങ്ങളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിലെത്തിയേക്കാമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.


