കുവൈത്തി സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പിനെ തുടര്‍ന്ന് കേരളത്തിലേക്ക് മടങ്ങുന്നവര്‍ക്കായി ആദ്യ ഘട്ടത്തില്‍ മൂന്ന് വിമാനങ്ങള്‍

കുവൈത്ത് സിറ്റി: കുവൈത്തി സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പിനെ തുടര്‍ന്ന് കേരളത്തിലേക്ക് മടങ്ങുന്നവര്‍ക്കായി ആദ്യ ഘട്ടത്തില്‍ മൂന്ന് വിമാനങ്ങള്‍. ഉത്തര്‍പ്രദേശ്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലേക്ക് മൂന്ന് വിമാനങ്ങളിലായി ആളുകള്‍ തിരികെ പോയതിന് പിന്നാലെയാണ് കേരളത്തിലേക്കുള്ള വിമാനങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 

മെയ് 25നും ജൂണ്‍ മൂന്നിനും ഇടയ്ക്ക് കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിലേക്കാണ് സര്‍വീസ് ഉണ്ടാവുക. ഇക്കാര്യത്തില്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയവും സംസ്ഥാന സർക്കാറും ധാരണയിലെത്തിയതായി പ്രവാസി മലയാളികള്‍ തിരികെയത്തിക്കുന്നതിന് ചുമതലയുള്ള നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഇളങ്കോവൻ പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ അജിത്ത് കുമാറിനെ അറിയിച്ചു.

പൊതുമാപ്പ് ലഭിച്ചിട്ടും ഒരുമാസത്തിലേറെയായി ക്യാമ്പിൽ അനിശ്ചിതാവസ്ഥയിൽ കഴിയുന്നത് നിരവധി പ്രവാസികളാണ്. ഇവര്‍ക്കായി വിമാന സർവിസ്​ ആരംഭിക്കുന്നത്​വലിയ ആശ്വാസം നല്‍കുന്നുണ്ടെങ്കിലും ​കൂടുതല്‍ സര്‍വീസുകള്‍ വേണമെന്ന ആവശ്യവും ശക്തമാവുകയാണ്. നിലവിലെ രീതിയില്‍ മുഴുവന്‍ ആളുകളെയും നാട്ടിലെത്തിക്കാന്‍ മാസങ്ങള്‍ എടുക്കുമെന്നാണ് ആക്ഷേപം.