കൊച്ചി: പ്രവാസികളുമായി മൂന്ന് വിമാനങ്ങള്‍ ഇന്ന് കൊച്ചിയിലെത്തും. മസ്‍കറ്റ്, കുവൈറ്റ്, ദോഹ എന്നിവിടങ്ങളില്‍ നിന്നുള്ള വിമാനങ്ങളാണ് എത്തുന്നത്. മസ്‍കറ്റില്‍ നിന്നുള്ള വിമാനം രാത്രി 8.50 നാണ് എത്തുക. കുവൈറ്റില്‍ നിന്നുള്ളത് രാത്രി 9.15നും ദോഹയില്‍നിന്നുള്ളത് പുലര്‍ച്ചെ 1.30 നുമാണ് എത്തുക.

ഇന്നലെ സൗദിയില്‍ നിന്നും ബഹൈറനില്‍ നിന്നും ഓരോ വിമാനങ്ങള്‍ വീതം സംസ്ഥാനത്ത് എത്തി. 177 പേരുമായി ബഹ്റൈനിൽ നിന്നുള്ള വിമാനം ഇന്നലെ രാത്രി കൊച്ചിയിലാണ് എത്തിയത്. 11.25 നാണ് വിമാനം എത്തിയത്. ദ്രുത പരിശോധന നടത്താതെയാണ് ഈ യാത്രക്കാർ പുറപ്പെട്ടത് എന്നതിനാൽ വിശദമായ പരിശോധനയാണ് നെടുമ്പാശേരിയിൽ നടന്നത്.

എയര്‍ ഇന്ത്യയുടെ എ ഐ 922 വിമാനത്തില്‍ 152 പ്രവാസികളാണ് ഇന്നലെ കരിപ്പൂരെത്തിയത്. കരിപ്പൂരിലെത്തിയ വിമാനത്തില്‍ 142 മലയാളികളാണുണ്ടായിരുന്നത്. തൃശ്ശൂരൊഴികെയുള്ള എല്ലാ ജില്ലകളില്‍ നിന്നുമുള്ള യാത്രക്കാരും ഇന്നലെ കരിപ്പൂരിലെത്തിയവരിലുണ്ടായിരുന്നു. മലയാളികള്‍ക്ക് പുറമേ രണ്ട് തമിഴ് നാട്ടുകാരും എട്ടു കര്‍ണ്ണാടക സ്വദേശികളും ഇന്നലെ കരിപ്പൂര്‍ വിമാനമിറങ്ങി.