സാല്‍മിയയിലെ അപ്പാര്‍ട്ട്മെന്റില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അധികൃതര്‍ പരിശോധന നടത്തിയത്. 

കുവൈത്ത് സിറ്റി: കുവൈത്തില്‍ അപ്പാര്‍ട്ട്മെന്റ് കേന്ദ്രീകരിച്ച് മദ്യ നിര്‍മാണവും വില്‍പനയും നടത്തിയ മൂന്ന് പ്രവാസികളെ അധികൃതര്‍ പിടികൂടി. നിര്‍മാണം പൂര്‍ത്തിയാക്കി വില്‍പനയ്ക്ക് തയ്യാറാക്കി വെച്ചിരുന്ന വന്‍ മദ്യശേഖരവും ഇവിടെ നിന്ന് പിടിച്ചെടുത്തു.

സാല്‍മിയയിലെ അപ്പാര്‍ട്ട്മെന്റില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അധികൃതര്‍ പരിശോധന നടത്തിയത്. പബ്ലിക് സെക്യൂരിറ്റി അഫയേഴ്‍സ് അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി മേജര്‍ ജനറല്‍ ഫറജ് അല്‍ സൌബിയുടെ നിര്‍ദേശപ്രകാരമായിരുന്നു റെയ്ഡ്‍. പബ്ലിക് പ്രോസിക്യൂഷന്റെ അനുമതിയും വാങ്ങിയിരുന്നു.

അറസ്റ്റിലായ മൂന്ന് പേരെയും കുവൈത്തില്‍ നിന്ന് നാടുകടത്താനായി ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറി. പിടിച്ചെടുത്ത മദ്യവും അസംസ്‍കൃത വസ്‍തുക്കളും നിര്‍മാണത്തിന് ഉപയോഗിച്ചിരുന്ന ഉപകരണങ്ങളും ഡ്രഗ്സ് ആന്റ് ആള്‍ക്കഹോള്‍ കണ്‍ട്രോള്‍ വിഭാഗത്തിന് കൈമാറി.