അല്‍ഐന്‍: യുഎഇയില്‍ കാറപടകത്തില്‍ മൂന്ന് ഇന്ത്യക്കാര്‍ മരിച്ചു. തമിഴ്‍നാട് സ്വദേശികളായ രാംകുമാര്‍ ഗുണശേഖരന്‍ (30), സുഭാഷ് കുമാര്‍ (29), സെന്തില്‍ കാളിയപെരുമാള്‍ (36) എന്നിവരാണ് മരിച്ചതെന്ന് ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ അറിയിച്ചു. അല്‍ ഐനില്‍ വെച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു.

അബുദാബി മുസഫയിലെ ഒരു കമ്പനിയില്‍ ജോലി ചെയ്തിരുന്നവരാണ് മൂവരും. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. മുന്നിലുണ്ടായിരുന്ന മറ്റൊരു വാഹനത്തിലേക്ക് ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ഇടിച്ചുകയറുകയായിരുന്നു. രണ്ട് പേര്‍ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. രാംകുമാര്‍ പിന്നീട് ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.

മൂവരും ഒമാനിലേക്കുള്ള യാത്രയിലായിരുന്നു. എന്നാല്‍ സംഘത്തില്‍ ഒരാള്‍ക്ക് ചില സാങ്കേതിക തടസങ്ങള്‍ കാരണം ഒമാനില്‍ പ്രവേശിക്കാനുള്ള അനുമതി ലഭിച്ചില്ല. തുടര്‍ന്ന് മൂവരും മടങ്ങിവരുന്നതിനിടയിലായിരുന്നു അപകടം. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ മൃതദേഹങ്ങള്‍ നാട്ടിലേക്ക് അയക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നതായി സാമൂഹിക പ്രവര്‍ത്തകര്‍ പറഞ്ഞു.