മതിയായ അകലം പാലിക്കാതെ വാഹനം ഓടിച്ചതും അമിതവേഗത, ലേയ്ന്‍ നിയമം പാലിക്കാതിരിക്കല്‍ എന്നിവയാണ് അപകടങ്ങള്‍ക്ക് പ്രധാന കാരണമെന്ന് ദുബൈ ട്രാഫിക് പൊലീസ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ സെയ്ഫ് മുഹൈര്‍ അല്‍ മസ്റൂയി പറഞ്ഞു.

ദുബൈ: ചെറിയ പെരുന്നാള്‍ അവധിക്കിടെ ദുബൈയിലുണ്ടായത് 31 വാഹനാപകടങ്ങള്‍. അപകടങ്ങളില്‍ മൂന്ന് പേര്‍ മരിച്ചതായും 30 പേര്‍ക്ക് പരിക്കേറ്റതായും ദുബൈ ട്രാഫിക് പൊലീസ് വെളിപ്പെടുത്തി. ഇവരില്‍ 20പേരുടെ പരിക്ക് ഗുരുതരമല്ല. ആറുപേരുടെ പരിക്ക് നിസ്സാരമാണ്.

മേയ് രണ്ട് മുതല്‍ എട്ടു വരെയുള്ള പെരുന്നാള്‍ അവധി ദിവസങ്ങളിലാണ് ഈ അപകടങ്ങളുണ്ടായത്. മതിയായ അകലം പാലിക്കാതെ വാഹനം ഓടിച്ചതും അമിതവേഗത, ലേയ്ന്‍ നിയമം പാലിക്കാതിരിക്കല്‍ എന്നിവയാണ് അപകടങ്ങള്‍ക്ക് പ്രധാന കാരണമെന്ന് ദുബൈ ട്രാഫിക് പൊലീസ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ സെയ്ഫ് മുഹൈര്‍ അല്‍ മസ്റൂയി പറഞ്ഞു. പെരുന്നാള്‍ അവധി ദിവസങ്ങളില്‍ ദുബൈ പൊലീസിന്‍റെ എമര്‍ജന്‍സി ഹോട്ടലൈന്‍ നമ്പരില്‍ (999) 118,078 കോളുകളും നോണ്‍ എമര്‍ജന്‍സി ടോള്‍ നമ്പരില്‍ (901) 10,697 കോളുകളും ലഭിച്ചതായി ദുബൈ പൊലീസിലെ കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്‍റര്‍ ആക്ടിങ് ഡയറക്ടര്‍ കേണല്‍ മുഹമ്മദ് അബ്ദുള്ള അല്‍ മുഹൈരി പറഞ്ഞു.