13 പേര്‍ ഏറ്റുമുട്ടുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. എന്നാല്‍ പൊലീസ് എത്തിയപ്പോഴേക്കും മൂന്നുപേര്‍ കൊല്ലപ്പെട്ടിരുന്നു.

ദുബൈ: ദുബൈയില്‍ 5,000 ദിര്‍ഹത്തെ(ഒരു ലക്ഷം ഇന്ത്യന്‍ രൂപ)ചൊല്ലിയുണ്ടായ സംഘര്‍ഷത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. പത്ത് ഏഷ്യന്‍ സ്വദേശികളെ പൊലീസ് അറസ്റ്റ് ചെയ്തു.

ദുബൈയിലെ നാഇഫിലാണ് സംഭവം ഉണ്ടായത്. 13 പേര്‍ ഏറ്റുമുട്ടുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. എന്നാല്‍ പൊലീസ് എത്തിയപ്പോഴേക്കും മൂന്നുപേര്‍ കൊല്ലപ്പെട്ടിരുന്നു. മറ്റ് മൂന്നുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.പരിക്കേറ്റവരെ പൊലീസ് ആശുപത്രിയിലെത്തിച്ചു. കത്തിയും മരക്കഷണങ്ങളും ഉപയോഗിച്ചായിരുന്നു ആക്രമണം. പൊലീസ് എത്തുന്നതിന് മുമ്പ് ഏഴ് പ്രതികള്‍ രക്ഷപ്പെട്ടെങ്കിലും 24 മണിക്കൂറിനുള്ളില്‍ ഇവരെ അറസ്റ്റ് ചെയ്തതായി ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജമാല്‍ സാലിം അല്‍ ജല്ലാഫ് അറിയിച്ചു. മരിച്ചവരെക്കുറിച്ചും പരിക്കേറ്റവരെ കുറിച്ചുമുള്ള വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.