മലപ്പുറം: ഗള്‍ഫില്‍ നിന്ന് ആദ്യ ദിനം മടങ്ങിയെത്തിയ സംഘത്തിലെ മൂന്ന് പേര്‍ക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. ഏഴാം തീയ്യതി അബുദാബിയില്‍ നിന്ന് കൊച്ചിയിലെത്തിയ സംഘത്തിലുണ്ടായിരുന്നവരാണ് മൂവരും. മലപ്പുറം, അങ്ങാടിപ്പുറം സ്വദേശിയായ 34കാരനും തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള ദമ്പതികള്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആദ്യ ദിനമെത്തിയ സംഘത്തിലെ അഞ്ച് പേര്‍ക്ക് ഇതുവരെ കൊവിഡ് ബാധ സ്ഥിരീകരിച്ചു

ഇന്ന് രോഗം സ്ഥിരീകരിച്ച അങ്ങാടിപ്പുറം മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. തൃശൂരില്‍ ചികിത്സയിലുള്ള ദമ്പതികള്‍ നേരത്തെ ഗുരുവായൂരില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ആദ്യ ദിനമെത്തിയ രണ്ട് പേര്‍ക്ക് ഇന്നലെയും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അബുദാബി - കൊച്ചി വിമാനത്തിലെത്തിയ എടപ്പാൾ നടുവട്ടം സ്വദേശിയായ 24കാരനാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചവരിലൊരാള്‍. വിമാനത്താവളത്തില്‍ വെച്ചുതന്നെ രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഇയാളെ അന്നുതന്നെ കളമശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു. ദുബായ്-കോഴിക്കോട് വിമാനത്തില്‍ വന്ന കോട്ടയ്ക്കൽ ചാപ്പനങ്ങാടി സ്വദേശിയായ 39കാരനും ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നു. വൃക്ക സംബന്ധമായഅസുഖത്തെ തുടര്‍ന്ന് വിമാനത്താവളത്തില്‍ നിന്ന് നേരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കാണ് ഇദ്ദേഹത്തെ മാറ്റിയിരുന്നത്. അവിടെ നടത്തിയ പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചു.

അബുദാബി-കൊച്ചി വിമാനത്തിലെത്തിയ നാല് പേര്‍ക്ക് ഇതിനോടകം കൊവിഡ് സ്ഥിരീകരിച്ചതോടെ മറ്റ് യാത്രക്കാരും ആശങ്കയിലാണ്. അബുദാബിയില്‍ നിന്നും ദുബായില്‍ നിന്നും വന്നവരെ അവിടെ ദ്രുത പരിശോധന നടത്തിയ ശേഷമാണ് യാത്ര ചെയ്യാന്‍ അനുവദിച്ചത്. എല്ലാവരുടെയും പരിശോധനാ ഫലം നെഗറ്റീവുമായിരുന്നു. എന്നാല്‍ രോഗം ബാധിക്കുന്ന ആദ്യ ഘട്ടത്തില്‍ ഇത്തരം പരിശോധനകളിലൂടെ വൈറസ് ബാധ കണ്ടെത്താനാവില്ലെന്ന് വിദഗ്ധര്‍ അറിയിച്ചു. ആദ്യ ദിവസമെത്തിയ രണ്ട് വിമാനങ്ങളിലെയും യാത്രക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സ്ഥിതിയും ആശങ്കാജനകമാണ്.

വിദേശത്ത് നിന്ന് ആദ്യ ദിനം സംസ്ഥാനത്തെത്തിയ രണ്ട് വിമാനങ്ങളിലുമുണ്ടായിരുന്ന ഓരോരുത്തര്‍ക്ക് വീതം രോഗം സ്ഥിരീകരിച്ചത് ആശങ്കയുളവാക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ പറഞ്ഞിരുന്നു. എന്നാല്‍ ഇത് പ്രതീക്ഷിച്ചിരുന്നു. ഇത്തരുമൊരു അവസ്ഥ മുന്നില്‍കണ്ടാണ് വിദേശരാജ്യങ്ങളില്‍ നിന്ന് മടങ്ങിവരുന്നവരെ യാത്ര തിരിയ്ക്കുന്നതിന് മുമ്പ് തന്നെ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.